ചവറ: കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച പോർത്താ ചേലി പ്രദർശനം ജനശ്രദ്ധ ആകർഷിക്കുന്നു. ബൈബിൾ വിചിന്തനം അടിസ്ഥാനമാക്കിയും ലഹരി വിരുദ്ധ മുന്നേറ്റം മുഖ്യപ്രമേയമാക്കിയും എക്സൈസിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.
കൊല്ലം രൂപതാ മുൻ വികാർ ജനറൽ മൊൺ. വിൻസന്റ് മച്ചാഡോ പ്രദർശന ഉദ്ഘാടനവും ലഘുലേഖ വിതരണം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എ അജയകുമാറും നിർവഹിച്ചു.
ഇടവക വികാരിമാരായ ഫാ. മിൽട്ടൺ ജോർജ്, റവ. ഡോ. പ്രേം ഹെൻട്രി, മദ്യവിരുദ്ധ സമിതി രൂപതാ പ്രസിഡന്റ് യോഹന്നാൻ ആന്റണി, സുപ്പീരിയർ സിസ്റ്റർ സീമാ മേരി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എബിമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ്, ഹരിപ്രസാദ്, സാജൻ, അൻസർ എന്നിവർ പ്രസംഗിച്ചു.
ഇടവക മതബോധന സമിതി, കത്തോലിക്ക യുവജന പ്രസ്ഥാനം എന്നിവരാണ് പ്രദർശനത്തിന് നേതൃത്വം നൽകുന്നത്.
ലഹരിക്കെതിരേ ഉൾക്കാഴ്ചയും സാമൂഹിക പ്രതിരോധവും പ്രദാനം ചെയ്യുന്ന പ്രദർശനം 29 ന് സമാപിക്കും. മദ്യം ഉൾപ്പെടെയുള്ള ലഹരി മൂലം വർധിച്ചുവരുന്ന കുടുംബകലഹങ്ങൾ, കുറ്റകൃത്യങ്ങൾ, വാഹനാപകടങ്ങൾ, കൊലപാതകങ്ങൾ, സ്ത്രീ പീഡനങ്ങൾ, സാമ്പത്തിക തകർച്ച, മാരക രോഗങ്ങൾ എന്നിവയുടെ ചിത്രീകരണം ഒരുക്കിയിട്ടുണ്ട്.