പയ്യന്നൂര്‍: ഈമാസം19 മുതല്‍ കലാ വൈവിധ്യങ്ങളുടെ നിറച്ചാര്‍ത്തുകള്‍ പെയ്തിറങ്ങുന്ന കണ്ണൂര്‍ റവന്യൂ ജില്ലാ കലോത്സവത്തിന്റെ അഞ്ചുദിവസങ്ങളിലേക്ക് മിഴിതുറക്കാന്‍ പയ്യന്നൂര്‍ ഒരുങ്ങി. ഏഴാം വര്‍ഷം വിരുന്നെത്തുന്ന കലോത്സവത്തിന്റെ പന്തല്‍ നാട്ടല്‍ കര്‍മം ബോയ്സ് ഹൈസ്കൂളില്‍ ടി.ഐ. മധുസൂദനന് എംഎല്‍എ നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.വി. ലളിത, വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, ഡിഡി ബാബു മഹേശ്വരി പ്രസാദ്, ആർഡിഡി ആർ. രാജേഷ്കുമാർ, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, സംഘാടക സമിതിയംഗങ്ങൾ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
2017 നവംബര്‍ 27 മുതല്‍ ഡിസംബര്‍ ഒന്നുവരെയാണു പയ്യന്നൂരില്‍ ജില്ലാ സ്കൂള്‍ കലോത്സവം നടന്നത്. രണ്ടുവര്‍ഷം കോവിഡു കാരണം കലോത്സവം നടന്നില്ല. പിന്നീട് തലശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലായാണു കലോത്സവം നടന്നത്. പയ്യന്നൂരില്‍ ഏഴു വര്‍ഷങ്ങൾക്കുശേഷമാണ് കലോത്സവം വീണ്ടും വിരുന്നെത്തുന്നത്. 17 വേദികളിലായി 15 ഉപജില്ലകളില്‍ നിന്നെത്തുന്ന 9,500 പ്രതിഭകളാണ് ഇക്കുറി കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.
ഗോത്രവര്‍ഗ കലകളുള്‍പ്പെടെ 320 ഇനം മത്സരങ്ങളാണു നടക്കുന്നത്. ബോയ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയമാണ് പ്രധാനവേദി. സ്റ്റേഡിയം ഗ്രൗണ്ട്, ഗേള്‍സ് ഹൈസ്കൂള്‍ ഓഡിറ്റോറിയം, സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍, ഗാന്ധിപാര്‍ക്ക്, ടൗണ്‍ സ്ക്വയര്‍, ബിഇഎംഎല്‍പി സ്കൂള്‍, ബിആര്‍സി ഹാള്‍, എല്‍എല്‍എ ലൈബ്രറി ഹാള്‍, ബിഎച്ച്സി ഹാള്‍, സബ് ട്രഷറിക്കു മുന്‍വശം എന്നിവിടങ്ങളിലാണു മത്സര വേദികള്‍.