കണ്ണൂര്‍: ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ സൗജന്യ നിയമ സഹായ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ.ടി. നിസാര്‍ അഹമ്മദ് ക്ലിനിക്കിന്റെയും ലീഗല്‍ സര്‍വീസസ് ദിനാചരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. സൗജന്യ നിയമ സഹായം ഔദാര്യമല്ല അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമപരമായ സഹായം തേടി എത്തുന്നവരെ ലീഗല്‍ സര്‍വീസസിന്റെ ക്ലിനിക്കില്‍ എത്തിച്ചേരാനുള്ള നിര്‍ദേശം ഉദ്യോഗസ്ഥര്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയാതെയുള്ളവര്‍, സ്ത്രീകളും കുട്ടികളും, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍, മനുഷ്യക്കടത്ത്/മനുഷ്യ കച്ചവടത്തിന് ഇരയായിട്ടുള്ളവര്‍, ഭിന്നശേഷിക്കാര്‍, പ്രകൃതി ദുരന്തങ്ങള്‍ക്കോ വ്യവസായ ദുരന്തത്തിനോ ജാതിപരമോ മറ്റോ ആയ അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുള്ളവര്‍, വ്യാവസായിക തൊഴിലാളികള്‍, ജയിലുകളിലോ ബാലനീതി മന്ദിരത്തിലോ സംരക്ഷണ മന്ത്രത്തിലോ മാനസികാരോഗ്യ കേന്ദ്രത്തിലോ കസ്റ്റഡിയിലുള്ളവര്‍ എന്നിവര്‍ക്ക് സൗജന്യ നിയമസഹായം ലഭിക്കും.
നിയമസഹായം ആവശ്യമുള്ളവര്‍ ജില്ലാ നിയമസേവന അഥോറിറ്റി, താലൂക്ക് നിയമ സേവന കമ്മിറ്റി, നിയമ സഹായ ക്ലിനിക് എന്നിവയെ സമീപിക്കണം. കൂടാതെ കേരള സംസ്ഥാന നിയമന സേവന അഥോറിറ്റിയുടെ സങ്കേതം നിയമസഹായ ക്ലിനിക്കിനെയോ ജില്ലയിലെ ലീഗ് എയ്ഡ് ഡിഫന്‍സ് കൗണ്‍സെല്‍ സിസ്റ്റത്തെയോ സമീപിക്കാം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍:
9846700100,15100.
ജില്ലാ ജഡ്ജ് ആര്.എല്‍. ബൈജു അധ്യക്ഷനായിരുന്നു. ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന് മുഖ്യാതിഥിയായിരുന്നു. അസി. കളക്ടര്‍ ഗ്രന്ഥേ സായികൃഷ്ണ, റൂറല്‍ എസ്പി അനൂജ് പലിവാള്‍, അഡീഷണന്‍ എസ്പി കെ.വി. വേണുഗോപാൽ, ബാര്‍ അസോസിയേഷന് പ്രസിഡന്റ് കെ. സഹദേവന്, ജില്ലാ ലോ ഓഫീസര്‍ എ.എ. രാജ്, തളിപ്പറമ്പ് താലൂക്ക് ലീഗല്‍ സര്‍വീസസ് സെക്രട്ടറി തുഷാര മോഹന്‍, കണ്ണൂര്‍ ലീഗല്‍ സര്‍വീസസ് സെക്രട്ടറി ലെസി കെ. പയസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ലീഗല്‍ സര്‍വീസസ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ജഡ്ജ് ആര്.എല്‍. ബൈജു വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് സൗജന്യ നിയമസഹായ സേവനങ്ങളെ കുറിച്ച് വിഷയാവതരണം നടത്തി. അഡ്വ. ജ്യോതി ജഗദീഷ് മോഡറേറ്ററായിരുന്നു.