കോഴിക്കോട്: സൗദിയിലെ റിയാദില്‍ ജയിലില്‍ മോചനം കാത്ത് കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിന്റെ ദിയ ധനം കണ്ടെത്തുന്നതിന്റെ ഭാഗമായി ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ചത് 47,87,65,347 രൂപ. ഇതില്‍ 36,27,34,927 രൂപ ചെലവ് വന്നതായും ബാക്കി 11,60,30,420 രൂപ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലുള്ളതായും അബ്ദുറഹീം ലീഗല്‍ അസിസ്റ്റന്‍സ് ട്രസ്റ്റ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2024 മാര്‍ച്ച് പത്തുമുതല്‍ ഏപ്രില്‍ 12 വരെയാണ് ആപ്പ് വഴി ധനസമാഹരണം നടന്നത്.റഹീമിന്റെ ഉമ്മ ഫാത്തിമയുടെ പത്ത് ബാങ്ക് അക്കൗണ്ടുകളിലേക്ക് 3,54,96,942 രൂപയും ട്രസ്റ്റിന്റെ അക്കൗണ്ടുകളിലേക്ക് 44,32,68,404 രൂപയുമാണ് പിരിഞ്ഞുകിട്ടിയത്. റിയാദ് ഓഡിറ്റ് റിപ്പോര്‍ട്ട് ഉള്‍പ്പടെ വ്യക്തമായ കണക്കുകള്‍ കമ്മിറ്റി പുറത്ത് വിട്ടു.
ബാങ്കില്‍ ബാക്കിയുള്ള തുക അബ്ദുറഹീം ജയില്‍ മോചിതനായി നാട്ടില്‍ തിരിച്ചെത്തിയ ശേഷം എന്ത് ചെയ്യണമെന്ന് സര്‍വകക്ഷി സമിതിയുടെ മേല്‍നോട്ടത്തിലുള്ള ട്രസ്റ്റ് തീരുമാനമെടുക്കും. സമാനതകളില്ലാത്ത ദൗത്യമാണ് നിറവേറ്റിയത്. റിയല്‍ കേരള സ്റ്റോറിയായി മാറിയ ഫണ്ട് സമാഹരണത്തില്‍ ലോകം കൈകോര്‍ത്തത് കേരള ചരിത്രത്തില്‍ സുവര്‍ണ രേഖയായി അവശേഷിക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു.നാളെയാണ് റിയാദിലെ ക്രിമിനല്‍ കോടതിയുടെ സിറ്റിംഗ്.
ദിയ ധനം സ്വീകരിച്ചതിന് ശേഷം സൗദി കുടുംബം മാപ്പ് നല്കാന് തയാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് അബ്ദുറഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. കോടതിയുടെ സ്വാഭാവികമായ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടനെ അബ്ദുറഹീം നാട്ടിലെത്തും. അതിനിടെ റിയാദിലെത്തിയ റഹീമിന്റെ മാതാവും സഹോദരനും അമ്മാവനും ജയിലില്‍ റഹീമുമായി കൂടിക്കാഴ്ച്ച നടത്തിയത് ഈ മഹാ ദൗത്യത്തില്‍ പങ്കാളികളായിരുന്ന എല്ലാവര്ക്കും ഏറെ സന്തോഷം പകര്‍ന്നുവെന്ന് അവര്‍ പറഞ്ഞു.
സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ പതിനെട്ട് വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിന് സൗദി കുടുംബം 15 മില്യണ്‍ റിയാലായിരുന്നു ആവശ്യപ്പെട്ടത്. റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതിയുടെ കഴിഞ്ഞ 17 വര്‍ഷത്തിലധികമായി നടത്തി വരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് സൗദി കുടുംബത്തിന്റെ വക്കീല്‍ മുഖാന്തരം നടത്തിയ പ്രത്യേക ഇടപെടല്‍ മൂലം പതിനഞ്ച് മില്യണ്‍ റിയാലിന് മോചനംനല്കാന് തീരുമാനിച്ചത്. മലപ്പുറത്തെ സ്പെയിന് കോഡ് എന്ന കമ്പനിയുടെ പ്രത്യേക ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം നടത്തിയത്. സോഷ്യല്‍ മീഡിയ വഴി ചിലര്‍ അപവാദ പ്രചാരണങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് കമ്മിറ്റി കണക്കുകള്‍ പുറത്തുവിട്ടത്. പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്.
ജയില്‍മോചനത്തിനു ഇടപെടുന്നതില്‍ കാലതാമസമുണ്ടായെന്ന വിമര്‍ശനമാണ് കുടുംബത്തിന് ഉണ്ടായിരുന്നത്. റിയാദിലെത്തി ഉമ്മയും സഹോദരനും റഹീമിനെ കാണുകയും നിയമസഹായ സമിതി സ്വീകരണത്തില്‍ പങ്കെടുക്കുകയും ചെയ്തതോടെ യഥാര്‍ഥ വസ്തുതകള്‍ കുടുംബത്തിനു മനസിലാക്കാന്‍ കഴിഞ്ഞതായി അവര്‍ പറഞ്ഞു. ചെയര്മാന് കെ.സുരേഷ്കുമാര്‍, കെ.കെ.ആലിക്കുട്ടി, ഓഡിറ്റര്‍ പി.എം. സമീര്‍, അഷ്റഫ് വേങ്ങാട്, എം. മൊയ്തീന്‍കോയ, ഷക്കീബ് കൊളക്കാടന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.