കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറയുമോയെന്ന ആശങ്കയിൽ മുന്നണികൾ. പ്രധാനമായും യുഡിഎഫ് ക്യാന്പുകളാണ് ആശങ്കയിൽ. അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് പ്രിയങ്ക ഗാന്ധിയെ പാർലമെന്റിൽ എത്തിക്കണമെന്ന ചിന്തയിലായിരുന്നു യുഡിഎഫ്. എന്നാൽ, പ്രതീക്ഷിച്ച ഭൂരിപക്ഷം പ്രിയങ്ക ഗാന്ധിക്ക് ലഭിക്കുമെന്നും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നതിൽ അധികവും എൽഡിഎഫ് അണികളും അനുഭാവികളും ആണെന്ന് വിലയിരുത്തുന്നവരും യുഡിഎഫിലുണ്ട്.
വയനാട് മണ്ഡവത്തിൽ യുഡിഎഫ് ടിക്കറ്റിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധി ആദ്യമായി മത്സരിച്ച 2019ൽ 2019ൽ ഇത് 80.33 ശതമാനമായിരുന്നു പോളിംഗ്. രാഹുൽ രണ്ടാമതും ജനവിധി തേടിയ 2024ൽ പോളിംഗ് 73.48 ശതമാനമായി കുറഞ്ഞു. മണ്ഡലം പരിധിയിലെ ഏഴ് നിയോജകമണ്ഡലങ്ങളിലുമായി പതിനായിരിക്കണക്കിനു വോട്ടർമാരാണ് പോളിംഗ് ബൂത്തുകളിൽ എത്താതിരുന്നത്. ഇത് തെരഞ്ഞെടുപ്പുഫലത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് വ്യക്തമായി പറയാൻ കഴിയാത്ത സ്ഥിതിയിലാണ് ഇടതുമുന്നണി നേതൃത്വവും. കുറഞ്ഞത് അഞ്ച് ലക്ഷം വോട്ട് ഭൂരിപക്ഷം എന്ന ലക്ഷ്യവുമായി ബൂത്തുതലത്തിൽ ദിവസങ്ങൾ നീണ്ട പ്രവർത്തനമാണ് യുഡിഎഫ് നടത്തിയത്. എന്നാൽ റോഡ് ഷോകളിലും മറ്റും പ്രകടമായ ആവേശം വോട്ടെടുപ്പിൽ കാണാനായില്ലെന്ന് സമ്മതിക്കുന്നവർ കോണ്‍ഗ്രസ്-ലീഗ് നിരയിലുണ്ട്.
തിരുവന്പാടിയിൽ
നാലിടങ്ങളിൽ വോട്ടിംഗ്
മെഷീനുകള്‍ പണി മുടക്കി
മുക്കം: തിരുവമ്പാടി മണ്ഡലത്തിൽ 59.25 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. നാലിടങ്ങളിൽ വോട്ടിംഗ് മെഷിനുകൾ പണി മുടക്കിയത് മൂലം പോളിംഗ് തടസപ്പെട്ടു. മുക്കം നഗരസഭയിലെ മണാശ്ശേരി എംഎഎംഒ കോളജിലെ 125 നമ്പർ ബൂത്തിലെ പോളിംഗ് മെഷിൻ രാവിലെ 9.05 യോടെയാണ് തകരാറിലായത്. ഉടനെ ടെക്നിക്കൽ ഉദ്യോഗസ്ഥരെത്തി പ്രശ്നം പരിഹരിച്ചു.
വീണ്ടും പത്തിന് മെഷിൻ തകരാറിലായതോടെ പുതിയ മെഷിൻ മാറ്റി സ്ഥാപിക്കുകയും. 10.45 ഓടെ പോളിംഗ് പുനസ്ഥാപിക്കുകയുമായിരുന്നു. മെഷിൻ പണിമുടക്കിയതോടെ രാവിലെ നേരത്തെ വോട്ട് ചെയ്ത് പണിക്ക് പോവാമെന്ന് കരുതിയ നിരവധി പേരെ വലച്ചു. ഇതേ കോളേജിൽ 124 , 126 ബുത്തുകളിൽ തടസമില്ലാതെ പോളിംഗ് നടന്നു.
മുക്കം തോട്ടത്തിൻ കടവിലെ 101 നമ്പർ ബൂത്തിലും മെഷീൻ തകരാറിലായതോടെ 40 മിനുട്ടോളം പോളിംഗ് തടസപ്പെട്ടു. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറം തോട് ഗവ. എൽപി സ്കൂളിലെ 86നമ്പർ പോളിംഗ് ബൂത്തിലെ വോട്ടിംഗ് മെഷിൻ ഒരു മണിക്കൂറോളം പണിമുടക്കി. രാവിലെ നേരത്തെ എത്തിയവരും പ്രായമായവരുമടക്കം വരി നിൽക്കുന്ന ഒട്ടേറെ പേരെ ഇത് വലച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറിസ്കൂളിലെ 70 നമ്പർ ബൂത്തിലും വോട്ടിംഗ് മെഷീൻ പണിമുടക്കിയതോടെ പോളിംഗ് തടസപ്പെട്ടു.
മലപ്പുറത്തെ മൂന്ന്
മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്
സമാധാനപരം
എടക്കര (മലപ്പുറം): മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് സമാധാനാപരം. 64.98 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ആകെ 6,45,755 വോട്ടര്‍മാരില്‍ 4,19,620 പേര് വോട്ടു രേഖപ്പെടുത്തി. 1,97,501 പുരുഷന്മാരും 2,2,2118 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറുമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഏറനാട് മണ്ഡലത്തില്‍ 69.42
ഉം നിലമ്പൂരില്‍ 61.91 ഉം വണ്ടൂരില്‍ 64.43 ഉം ശതമാനം പോളിംഗ് രേഖപ്പെടുത്തി. മൂന്ന് മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടിംഗ് ശതമാനത്തില്‍ ഇടിവുണ്ട്.
മലയോര മേഖലയില്‍ നിരവധി തവണ മാവോയിസ്റ്റുകളെന്ന് സംശയിക്കുന്നവര്‍ പ്രത്യക്ഷപ്പെട്ട പ്രദേശങ്ങളിലെ ബൂത്തുകളില്‍ സുരക്ഷസേനയുടെ കാവലിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തരം
പോളിംഗ് ബൂത്തുകളില്‍ കഴിഞ്ഞ ദിവസം തന്നെ തണ്ടര്‍ബോള്‍ട്ട് സേനയും പോലീസും നിയന്ത്രണം ഏറ്റെടുത്തിരുന്നു. വഴിക്കടവ് പോലീസ് സ്റ്റേഷന് പരിധിയിലെ പുഞ്ചക്കൊല്ലി നഗറിലെ പോളിംഗ് ബൂത്ത്, പോത്തുകല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഇരുട്ടുകുത്തി നഗറിലെ പോളിംഗ് ബൂത്ത് എന്നിവിടങ്ങളിലാണ് സായുധസേന കാവല്‍ നിന്നിരുന്നത്. എല്ലായിടത്തും വോട്ടെടുപ്പ് തികച്ചും സമാധാനപരമായിരുന്നു.
മുണ്ടേരി വനത്തിനുള്ളിലെ ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപൊട്ടി, കുമ്പളപ്പാറ എന്നീ ഊരുകളിലെ ആദിവാസികള്‍ക്കും വഴിക്കടവ് പുഞ്ചക്കൊല്ലി, അളക്കല്‍ കോളനികളിലുള്ളവര്‍ക്കും ഇക്കുറിയും വോട്ട് രേഖപ്പെടുത്താന്‍ കാടിനുള്ളില്‍ തന്നെ ബൂത്തുകള്‍ ഒരുക്കിയിരുന്നു. അതേസമയം, മേഖലയിലെ ബൂത്തുകളില്‍ എല്ലായിടത്തും പൊതുവെ തിരക്ക് കുറവായിരുന്നു. യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ് തടസപ്പെടുന്ന സാഹചര്യവും ഇത്തവണ കാര്യമായി ഉണ്ടായിട്ടില്ല. വഴിക്കടവ് പഞ്ചായത്തിലെ മരുത കാഞ്ഞിരത്തിങ്ങല്‍ മദ്രസയിലെ ഏഴാം നമ്പര്‍ ബൂത്തില്‍ ഫസ്റ്റ് പോളിംഗ് ഓഫീസര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പകരം ആളെ വച്ച് പോളിംഗ് തുടര്‍ന്നു.