നാദാപുരം: " തളരില്ല വിലങ്ങാട്, താങ്ങായ് പ്രൊവിഡൻസ് സ്കൂൾ' എന്ന സന്ദേശം ഉയർത്തി കല്ലാച്ചി, പുറമേരി പ്രൊവിഡൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച രണ്ട് ലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു. ഇ.കെ. വിജയൻ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രകൃതിക്ഷോഭത്തിൽ നാട് ഒന്നായി ദുരന്തം നേരിട്ടപ്പോൾ വിലങ്ങാട് ദുരിതാശ്വാസ പ്രവർത്തനത്തിനായി വിദ്യാര്‍ഥികൾ സ്വരൂപിച്ച തുകയാണ് ഉരുൾപൊട്ടൽ ദുരന്തബാധിതരായ നാല് വിദ്യാര്‍ഥികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പായി നൽകിയത്. കല്ലാച്ചി സിവിൽ സ്റ്റേഷൻ പരിസരത്തെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പിടിഎ പ്രസിഡന്റ് കെ.കെ. ശ്രീജിത് അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർമാരായ പാർവതി സത്യനാഥ്, അക്ഷിത്ത് രജീഷ് എന്നിവർ ചെക്ക് എംഎൽഎയ്ക്ക് കൈമാറി.
നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി, വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമ രാജു, വാർഡ് മെമ്പർ നിഷാ മനോജ്, പ്രധാന അധ്യാപകരായ സി.ബീന, കെ.അജിത, പിടിഎ ഭാരവാഹികളായ എം.ടി.കെ മനോജ്, ടി.സി. കൃഷ്ണദാസ്, കെ.പി.അഭിലാഷ് , കെ.റോഷിൽ എന്നിവർ വിദ്യാര്‍ഥികൾക്ക് സ്കോളർഷിപ്പ് തുക സമ്മാനിച്ചു. ജിഷിത പന്നിയേരി, സ്നേഹ ബാലൻ മലയങ്ങാട്, ആഷ്നിറ്റ സിജു പാനാം, അഭിനവ് ടി.എസ് മലയങ്ങാട് എന്നിവരാണ് അമ്പതിനായിരം രൂപ വീതമുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിന് അർഹരായത്. സ്കൂൾ അഡ്മിനിസ്ട്രേറ്റർ വി.വി. ബാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൾ എം.കെ. വിനോദൻ, സ്റ്റുഡന്റ് കോ ഓർഡിനേറ്റർ ആർ.ദേവദർശ് എന്നിവര്‍ പ്രസംഗിച്ചു.