നിലമ്പൂര്‍: അധികൃതര്‍ നടപടി സ്വീകരിച്ചില്ല, ഒടുവില്‍ നിലമ്പൂര്‍ ജനതപ്പടിയിലെ മാഞ്ഞുപോയ സീബ്ര ലൈന്‍ പുനഃസ്ഥാപിച്ചത് നിലമ്പൂര്‍ ഗവ. മാനവേദന് സ്കൂളിലെ പിടിഎ, എംടിഎ, എസ്എംസി അംഗങ്ങള്‍. കെഎന്‍ജി റോഡില്‍ നിലമ്പൂര്‍ ജനതപ്പടിയില്‍ മാഞ്ഞുപോയ സീബ്രലൈനാണ് വീണ്ടും വരച്ചത്.
പ്രദേശത്തെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളടക്കം നൂറു കണക്കിനാളുകള്‍ ദിനംപ്രതി റോഡ് മുറിച്ചു കടക്കുന്ന ഭാഗമാണിത്. സ്കൂള്‍ സമയങ്ങളില്‍ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടാറുള്ളത്.
സീബ്രാലൈന്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മാനവേദന് സ്കൂള്‍ പിടിഎ, എസ്എംസി ഭാരവാഹികള്‍ നിരവധി തവണ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനവും പരാതികളും നല്‍കിയിരുന്നു. എന്നാല്‍ റോഡ് പണി നടക്കുന്നു എന്ന കാരണം പറഞ്ഞ് ലൈന്‍ ഇടുന്നത് വൈകിക്കുകയായിരുന്നു.
ഒരു അപകടം ഉണ്ടായതിനു ശേഷം വിലപിച്ചിട്ട് കാര്യമില്ലെന്ന് കണ്ട് സ്വന്തം നിലയില്‍ സീബ്രാലൈന്‍ പുനഃസ്ഥാപിക്കുവാന്‍ സ്കൂള്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. സ്കൂള്‍ പിടിഎ, എസ്എംസി, സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടുകൂടി കഴിഞ്ഞദിവസം രാത്രിയില്‍ സീബ്രാലൈന്‍ പുനഃസ്ഥാപിച്ചു.
പ്രവര്‍ത്തനത്തിന് നഗരസഭാംഗം റെനീഷ് കുപ്പായി, എസ്എംസി ചെയര്മാന് മുഹമ്മദ് കോയ കടവത്ത്, പിടിഎ പ്രസിഡന്റ് മുജീബ് പാറപ്പുറവന്‍, മുത്തു, ഷാജഹാന്, അലി കുഞ്ഞിപ്പ, സി.ആര്. പ്രഭാ, അഷറഫ് രാമന്‍കുത്ത്, ഫാസില്‍, ആരിഫ് തുടങ്ങിയവരും എന്‍എസ്എസ് വോളണ്ടിയര്‍മാരും നേതൃത്വം നല്കി.