മങ്കട : നാക് എ ഗ്രേഡ് അക്രഡിറ്റേഷൻ ലഭിക്കുന്ന സഹകരണ മേഖലയിലെ ഇന്ത്യയിലെ തന്നെ ആദ്യ കോളജ് എന്ന ബഹുമതിക്ക് രാമപുരം ജെംസ് കോളജ് അർഹമായി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം നിർണയിക്കുന്ന യുജിസിയുടെ കീഴിലെ നാക് (NAAC) സമിതിയുടെ പരിശോധനയിലാണ് എ ഗ്രേഡ് അംഗീകാരം ലഭിച്ചതെന്ന് ഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അക്കാദമികവും ഭൗതികവുമായ കോളജിലെ സൗകര്യങ്ങൾ, ലാബുകൾ, വിശാലമായ ലൈബ്രറി, ഡിജിറ്റൽ ലൈബ്രറി, ഓഡിയോ വിഷ്വൽ തിയേറ്റർ, ഐസിടി ക്ലാസ് റൂമുകൾ , ഇൻഡോർ-ഔട്ട്ഡോർ ജിംനേഷ്യം, യോഗ സെന്റർ എന്നിവയുടെ വിശദമായ വിലയിരുത്തലിനു ശേഷമാണ് കോളജിന് അംഗീകാരം ലഭിച്ചത്.
സമീപഭാവിയിൽ നിരവധി നൂതന പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഉപരിപഠനത്തിനായുള്ള കോച്ചിംഗുകൾ, വിദേശ യൂണിവേഴ്സിറ്റി എക്സ്ചേഞ്ച് പ്രോഗ്രാം, പുതിയ കോഴ്സുകൾ ആരംഭിക്കൽ , പ്ലേസ്മെന്റ് സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, വിദേശ സർവകലാശാലകളുമായി എംഒയു നടപ്പാക്കൽ, സ്വയംഭരണ കല്പിത സർവകലാശാലാ സ്ഥാപിക്കൽ എന്നിവയാണ് പരിഗണനയിലുള്ളത്.
അതോടൊപ്പം തന്നെ ബിഎഡ് കോഴ്സ് ആരംഭിക്കുവാനുള്ള അംഗീകാരം സംസ്ഥാന സർക്കാറിൽ നിന്നും ലഭിച്ചതായും കേന്ദ്ര അംഗീകാരം കൂടി ലഭിച്ചാൽ അടുത്ത അധ്യയന വർഷം കോഴ്സ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെയർമാൻ മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു.
ഡയറക്ടർമാരായ ടി. കുഞ്ഞാലി , കാളക്കൽ മുഹമ്മദലി, എം. അബ്ദുള്ള, എം. വാസുദേവൻ, പി.ടി. ഹംസ, കമാൽ അഹമ്മദ്, ലൈല, ഇ.സി. കുഞ്ഞഹമ്മദ്, പി. സിനിജ, പ്രിൻസിപ്പൽ ഡോ. നവീൻ, ഡോ. ഫിനോസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു