തിരുവനന്തപുരം: 2010-ല്‍ വാര്‍ഡ് വിഭജനം നടത്തിയപ്പോള്‍ വലിയതുറ വാര്‍ഡില്‍നിന്നും ഒഴിവാക്കിയ പ്രദേശങ്ങളെ തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡില്‍ വീണ്ടും ഉള്‍പ്പെടുത്തണമെന്ന് ആവശ്യം.
വലിയതുറ വാര്‍ഡില്‍നിന്നും ഒഴിവാക്കിയ പ്രദേശങ്ങളില്‍ തിരുവനന്തപുരം കോര്പറേഷന് നടപ്പാക്കിവരുന്ന വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എത്തുന്നില്ലെന്ന ആരോപണവുമായാണ് ചെറിയതുറ അസംപ്ഷന്‍ ചര്‍ച്ച്, വലിയതുറ സെന്റ് ആന്റണീസ് ചര്‍ച്ച്, വലിയതുറ സെന്റ് സേവ്യേഴ്സ് ചര്‍ച്ച്, വലിയതുറ സിഎസ്ഐ ചര്‍ച്ച് എന്നീ ഇടവകകളും വലിയതുറ എസ്എന്‍ഡിപി ശാഖയും ചേര്‍ന്ന് കോര്പറേഷന് സെക്രട്ടറിക്കും മേയര്‍ക്കും നിവേദനം നല്‍കിയത്.
പ്രദേശത്ത് പൊതുവായി ലഭിക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ ബീമാപ്പള്ളി പ്രദേശത്താണ് നടപ്പാക്കിവരുന്നത്. അതിനാല്‍ ചെറിയതുറ ഫിഷര്‍മെന്‍ കോളനി റോഡ് മുതല്‍ കുഴിവിളാകം കറുപ്പായി റോഡ് വരെയുള്ള പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി വലിയതുറ സൗത്ത് വാര്‍ഡ് എന്നോ ചെറിയതുറ വാര്‍ഡ് എന്നോ പുനര്‍നാമകരണം ചെയ്യണമെന്നാണ് ആവശ്യം.
ചെറിയതുറ അസംപ്ഷന്‍ ചര്‍ച്ച് വികാരി ഫാ. ലൂസിയാന്‍ തോമസ്, വലിയതുറ സെന്റ് സേവ്യേഴ്സ് ചര്‍ച്ച് വികാരി ഫാ. ജോര്‍ജ് തെള്ളിയാങ്കല്‍, വലിയതുറ സിഎസ്ഐ ചര്‍ച്ച് സെക്രട്ടറി ജയ്സിംഗ്, വലിയതുറ സെന്റ് ആന്റണീസ് ഫൊറോനാ ചര്‍ച്ച് ഇടവക സെക്രട്ടറി സുരേഷ്, എസ് എന്‍ഡിപി യോഗം തോപ്പിനകം ശാഖ സെക്രട്ടറി എ. ശ്രീനിവാസന് എന്നിവര്‍ ചേര്‍ന്നാണ് പ്രദേശ വാസികള്‍ക്കായി തിരുവനന്തപുരം കോര്പറേഷന് സെക്രട്ടറിക്കും മേയര്‍ക്കും നിവേദനം നല്‍കിയത്.
വലിയതുറ ജംഗ്ഷന്, തുറമുഖ വകുപ്പ് ആസ്ഥാന കാര്യാലയം, കടല്പാലം, സര്‍ക്കാര്‍ ആശുപത്രി, വലിയതുറ സീവേജ് ഫാം, കുരിശടി പ്രദേശം, ചെറിയതുറ റോസ് മിനി കോണ്‍വന്റ്, വലിയതുറ ഗവണ്മെന്റ് യുപിഎസ് തുടങ്ങിയ പ്രദേശങ്ങള്‍ മുന്‍പ് വലിയതുറ വാര്‍ഡിലാണ് ഉള്‍പ്പെടുത്തിയിരുന്നത്.
പിന്നീട് 2010-ല്‍ വാര്‍ഡ് വിഭജനം നടത്തിയപ്പോള്‍ ഇവ ബീമാപ്പള്ളി, ബീമാപ്പള്ളി ഈസ്റ്റ് വാര്‍ഡുകളുടെ ഭാഗമാക്കി. ഇതാണ് വലിയതുറയിലെ വലിയൊരു വിഭാഗം ജനങ്ങളുടെ എതിര്‍പ്പിനു കാരണമായത്.