തിരുവനന്തപുരം: കന്യാകുമാരിക്ക് 700 കിലോമീറ്റർ അകലെയായി നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച പുലർച്ചെ കന്യാകുമാരിയിൽ തീരം തൊടും. കേരളത്തിലും തെക്കൻ തമിഴ്നാട്ടിലും കനത്ത ജാഗ്രത തുടരുകയാണ്.
സംസ്ഥാനത്തെ വിവിധ വകുപ്പുകളോട് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമായിരിക്കാൻ നിർദേശിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ടോടെ ശ്രീലങ്കൻ തീരം കടക്കുന്ന ചുഴലിക്കാറ്റിന്റെ തീവ്രത ഇനിയും വർധിക്കാനുള്ള സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് സന്പൂർണമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
അടുത്ത 12 മണിക്കൂറിൽ കൂടുതൽ ശക്തമാകുന്ന ബുറെവി ഇന്ന് വൈകിട്ടോടെ ശ്രീലങ്കന്‍ തീരത്തെത്തും. വ്യാഴാഴ്ച ഉച്ചയോടെ കേരളത്തിൽ കാലാവസ്ഥ പ്രക്ഷുബ്ദമാകും. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ വ്യാപകമായും തിരുവനന്തപുരം അടക്കമുള്ള അടക്കമുള്ള ജില്ലകളിൽ അതിതീവ്രമഴയുമുണ്ടാകും.
റവന്യൂ, പോലീസ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, ജലസേചന വകുപ്പ്, വൈദ്യുതി വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവര്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താൻ നിർദേശിച്ചിട്ടുണ്ട്. കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോയിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള സുരക്ഷിത തീരത്തേക്ക്എത്തണമെന്ന മുന്നറിയിപ്പ് ഫിഷറീസ് വകുപ്പും കോസ്റ്റല്‍ പോലീസുംമത്സ്യതൊഴിലാളി സമൂഹത്തെ അറിയിക്കാൻ നിർദേശമുണ്ട്. ഇതിനായി മത്സ്യബന്ധന തുറമുഖങ്ങളിലും മത്സ്യബന്ധന ഗ്രാമങ്ങളിലും അനൗണ്‍സ്മെന്റ് ഉള്‍പ്പെടെയുള്ളവ നടത്തും.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, കടലാക്രമണം തുടങ്ങിയ ദുരന്ത സാധ്യതാ മേഖലകളില്‍ ദുരിതാശ്വാസ ക്യാന്പുകൾ ഇന്നു തന്നെ പൂർത്തിയാക്കണം. ആവശ്യമായ ഘട്ടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആളുകളെ മുന്‍കൂട്ടി തന്നെ മാറ്റി താമസിപ്പിക്കണമെന്നും നിർദേശമുണ്ട്.
മഴ ശക്തിപ്പെടുകയാണെങ്കിൽ പശ്ചിമഘട്ട മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകീട്ട് ഏഴുമുതല്‍ രാവിലെ ഏഴുമണി വരെ നിയന്ത്രിക്കാനും തീരുമാനമുണ്ട്. ഇന്നു മുതൽ അഞ്ചുവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉച്ചക്ക് രണ്ടു മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇടിമിന്നലുണ്ടാകാം. ഇത്തരം ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം.
കിംവദന്തികൾ പ്രചരിപ്പിക്കരുത്
തീരദേശവാസികൾ എല്ലാവരും എമർജൻസി കിറ്റുകൾ തയ്യാറാക്കി വയ്ക്കണമെന്നും കിംവദന്തികൾ വിശ്വസിക്കുകയോ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്. മൊബൈൽ ഫോണുകളിൽ ചാർജ് ഉറപ്പാക്കണം. സംശയങ്ങൾ ഉണ്ടായാൽ 1077 നമ്പറിൽ വിളിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
കേരള തീരം തൊടില്ലെന്ന് നിഗമനം
കന്യാകുമാരിയിൽ എത്തിച്ചേരുന്ന ബുറെവി ചുഴലിക്കാറ്റ് പിന്നീട് ദിശ മാറാൻ സാധ്യതയുള്ളതിനാൽ കേരളത്തിന്റെ കര തൊടില്ലെന്നാണ് നിഗമനം. അതേസമയം ചുഴലിക്കാറ്റിന്റെ പ്രഭാവം തെക്കൻ കേരളത്തിൽ ശക്തമായി തന്നെ അനുഭവപ്പെടും. കനത്ത മഴയും കാറ്റും ഉണ്ടാകും.
വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴയും കാറ്റുമുണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ 48 വില്ലേജുകളില്‍ പ്രത്യേക ശ്രദ്ധ നല്കാന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണ അധികൃതര്‍ക്കു നിര്‍ദേശം നല്കി.
കരിംകുളം, കാഞ്ഞിരംകുളം, അതിയന്നൂര്‍, വെങ്ങാനൂര്‍, കുളത്തുമ്മല്‍ കള്ളിക്കാട്, ആര്യനാട്, വെള്ളനാട്, ഉഴമലയ്ക്കല്‍, തൊളിക്കോട്, കോട്ടുകാല്‍, പള്ളിച്ചല്‍, മലയിന്‍കീഴ്, മാറനല്ലൂര്‍, കല്ലിയൂര്‍, വിളപ്പില്‍, വിളവൂര്‍ക്കല്‍, കാരോട്, പാറശാല, തിരുപുറം, ചെങ്കല്‍, കുളത്തൂര്‍, കൊല്ലയില്‍, ആനാവൂര്‍, പെരുങ്കടവിള, കീഴാറൂര്‍, ഒറ്റശേഖരമംഗലം, വാഴിച്ചല്‍, അരുവിക്കര, ആനാട്, പനവൂര്‍, വെമ്പായം, കരിപ്പൂര്‍, തെന്നൂര്‍, കുരുപ്പുഴ, കോലിയക്കോട്, പാങ്ങോട്, കല്ലറ, കോട്ടുകാല്‍, വെള്ളറട, കരകുളം, പുല്ലമ്പാറ, വാമനപുരം, പെരുമ്പഴുതൂര്‍, വിതുര, മണക്കാട്, അമ്പൂരി, മണ്ണൂര്‍ക്കര വില്ലേജുകളിലാണു പ്രത്യേക ശ്രദ്ധ നല്കാന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇവിടങ്ങളില്‍ റവന്യൂ വകുപ്പിന്റെ പ്രത്യേക സംഘം നിരീക്ഷണം തുടങ്ങി. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. താലൂക്ക് അടിസ്ഥാനത്തില്‍ 24 മണിക്കൂര്‍ കണ്ട്രോള് റൂമുകളും തുറന്നിട്ടുണ്ട്.
കൊല്ലം ജില്ലയിൽ
ജില്ലയിൽ അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കടലിൽ മത്സ്യബന്ധനത്തിന് പോകുന്നത് നിരോധിച്ചു. വൈദ്യുതി ബോർഡ് ,ഫിഷറീസ്, പോലീസ്, റവന്യൂ വിഭാഗങ്ങളുടെ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. മറൈൻഎൻഫോഴ്സ് മെന്റ് വിഭാഗം കടലിൽ നിരീക്ഷണം ശക്തമാക്കി.
കടലിൽ പോയവരെ തിരിച്ചെത്തിക്കാനുള്ള നിർദേശം നൽകിയതിനെ തുടർന്ന് ബോട്ടുകൾ തീരത്തേക്ക് വരാൻ തുടങ്ങി .ആളുകളെ മുൻകൂർ മാറ്റി പാർപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കല്ലടയാർ, പള്ളിക്കലാർ തീരങ്ങളിൽ അതീവ ജാഗ്രത പുലർത്തിവരുന്നു.
അടിയന്തിരഘട്ടത്തിൽ ഉപയോഗിക്കാൻ ആംബുലൻസ്, ക്രയിൻ, മണ്ണുമാന്തിയന്ത്രം ഉൾപ്പടെയുള്ളവ സജ്ജമാക്കി. ആളുകളെ മാറ്റിപ്പാർപ്പിക്കാൻ കെഎസ്ആർടിസി ബസുകളും തയാറാക്കി. കോവിഡ് മാനദണ്ഡം പാലിച്ച് ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിപ്പിക്കാനുള്ള നിർദേശവും കളക്ടർ നൽകിയിട്ടുണ്ട്. ജില്ലയിലെ മലയോര മേഖലയിലെ ഗതാഗതം രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ നിയന്ത്രിക്കാനും നടപടി സ്വീകരിച്ചു.
വൈദ്യുതി ലൈനുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കാനും ലൈനുകള്‍ പൊട്ടിവീഴാനും സാധ്യതയുണ്ട്. ജീവഹാനി സംഭവിക്കാന്‍ സാധ്യതയുള്ള ഇത്തരം അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തരമായി 9496010101, 1912, 0471-2555544, 9496061061 എന്നീ നമ്പരുകളിലോ 9496001912 എന്ന വാട്സ് ആപ്പ് നമ്പരിരോ അറിയിക്കണമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പ്രസന്നകുമാരി അറിയിച്ചു.