കൽക്കി 2വിൽ നിന്നും ദീപിക പാദുക്കോണിനെ പുറത്താക്കി നിർമാതാക്കൾ
Thursday, September 18, 2025 12:55 PM IST
പ്രഭാസ് നായകനായെത്തിയ ബ്ലോക് ബസ്റ്റർ ചിത്രം ‘കൽക്കി 2898 എഡി’യുടെ രണ്ടാം ഭാഗത്തിൽ നിന്നും ദീപിക പദുക്കോണിനെ ഒഴിവാക്കിയതായി അറിയിച്ച് നിർമാതാക്കൾ.
ചർച്ചകൾക്കൊടുവിൽ തങ്ങൾ വഴിപിരിയുകയാണെന്നും തീരുമാനിച്ചെന്നും വരാനിരിക്കുന്ന ഭാഗത്ത് ദീപിക പദുക്കോൺ ഉണ്ടായിരിക്കില്ലെന്നും ചിത്രത്തിന്റെ നിർമാതാക്കളായ വൈജയന്തി മൂവീസ് സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു.
ചിത്രത്തിന്റെ ആദ്യ ഭാഗത്ത് സുമതി എന്ന നായികാ കഥാപാത്രമായി എത്തിയത് ദീപിക പദുക്കോൺ ആയിരുന്നു.
‘‘കൽക്കി 2898 എഡിയുടെ വരാനിരിക്കുന്ന സീക്വലിൽ നടി ദീപിക പദുക്കോൺ ഭാഗമാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. വളരെ ശ്രദ്ധാപൂർവ്വമായ ചർച്ചകൾക്കു ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ആദ്യ സിനിമ നിർമിക്കുന്നതിനിടയിലുള്ള നീണ്ട യാത്രയിൽ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ പങ്കാളിത്തം പഴയതുപോലെ തുടരാൻ കഴിഞ്ഞില്ല.
കൽക്കി 2898 എഡി പോലുള്ള ഒരു സിനിമ ഇതിലും കൂടുതൽ പ്രതിബദ്ധതയും പരിഗണനയും അർഹിക്കുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ദീപികയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ഞങ്ങൾ ആശംസകൾ നേരുന്നു.’’ വൈജയന്തി മൂവിസിന്റെ ഔദ്യോഗിക കുറിപ്പ് ഇങ്ങനെ.
അമിതാഭ് ബച്ചൻ, പ്രഭാസ്, ദീപിക പദുക്കോൺ, കമൽ ഹാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രമാണ് കൽക്കി 2898 എഡി. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫിസിൽ വന്‍ വിജയമാണ് നേടിയത്.