തിരിച്ചടവ് വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ "ഒറ്റത്തവണ അവകാശമല്ല'
Thursday, September 18, 2025 1:20 AM IST
ന്യൂഡൽഹി: ബാങ്കുകളിൽനിന്നു വായ്പയെടുത്തശേഷം ഒറ്റത്തവണ പണമടച്ച് ഇടപാട് അവസാനിപ്പിക്കുന്ന (വണ്‍ ടൈം സെറ്റിൽമെന്റ്-ഒടിഎസ്) രീതി വായ്പയെടുക്കുന്നയാളുടെ അവകാശമായി കണക്കാക്കാൻ കഴിയില്ലെന്നു സുപ്രീംകോടതി.
വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്കിന്റെ നിർബന്ധിത വ്യവസ്ഥകൾ പാലിക്കാൻ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ആനുകൂല്യം അവകാശമല്ലെന്നു കോടതി വ്യക്തമാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വണ്‍ ടൈം സെറ്റിൽമെന്റ് വഴി ഇടപാടുകാരൻ ആനുകൂല്യം ലഭിക്കുന്നതിന് കുടിശികയും അഞ്ചു ശതമാനം മുൻകൂറായി അടയ്ക്കണം.
എന്നാൽ സെറ്റിൽമെന്റിന് അപേക്ഷിക്കുന്ന ദിവസം ഒരു രൂപപോലും അടയ്ക്കാത്ത സാഹചര്യത്തിൽ ഹർജിക്കാരൻ അതിന് അർഹതയില്ലെന്ന് ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുൾപ്പെടുന്ന ബെഞ്ച് വ്യക്തമാക്കി.
യോഗ്യതാമാനദണ്ഡങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ വായ്പയെടുത്തയാൾക്ക് ഒറ്റത്തവണ പണമടച്ച് ഇടപാട് അവസാനിപ്പിക്കുന്ന ആനുകൂല്യം നൽകാൻ കോടതികൾക്ക് ബാങ്കുകളോടു നിർദേശിക്കാൻ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
തന്യ എനർജി എന്റർപ്രൈസസ് എന്ന സ്ഥാപനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാൻ പരാജയപ്പെട്ടതിനെത്തുടർന്ന് സ്ഥാപനത്തിന്റെ ആസ്തികൾ തിരിച്ചുപിടിക്കാൻ ബാങ്ക് തീരുമാനിക്കുകയായിരുന്നു. എന്നാൽ 2020ൽ എസ്ബിഐ അവതരിപ്പിച്ച ഒടിഎസ് പദ്ധതിപ്രകാരം ഇളവോടുകൂടി വായ്പ അടച്ചുതീർക്കുന്നതിന് കന്പനി അപേക്ഷ നൽകിയെങ്കിലും തിരിച്ചടവിൽ വീഴ്ച വരുത്തിയതു ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു.
എന്നാൽ ഈ വിഷയത്തിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി ഇടപെടുകയും നിർദേശം പുനഃപരിശോധിക്കാൻ ബാങ്കിനോടു നിർദേശിക്കുകയും ചെയ്തു. ഇതിനെതിരേയാണ് ബാങ്ക് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.