"ആന്ത്രാക്സ്' എഐയുടെ പിടിയിൽ!
ഹരിപ്രസാദ്
Saturday, September 6, 2025 11:06 PM IST
ഓണാഘോഷത്തിനു സമാപനംകുറിച്ച് തൃശൂരിൽ നാളെ പുലിക്കളി അരങ്ങേറാനിരിക്കുകയാണ്. പലയിടത്തും കടുവാകളിയുമുണ്ട്. അതിനിടെ "കടുവയെ കിടുവ പിടിച്ചു'വെന്ന ചൊല്ലുപോലെ സംഗീതലോകത്ത് ഒരു സംഭവം- ആന്ത്രാക്സിനെ എഐ പിടിച്ചു!!
എന്താണ് ആന്ത്രാക്സ് എന്നറിയാത്തവർക്ക്: ബാസില്ലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയമൂലം ഉണ്ടാകുന്ന മാരകരോഗമാണ് ആന്ത്രാക്സ്. കൂടുതലും മൃഗങ്ങളെയാണ് ഈ രോഗം ബാധിക്കുന്നതെങ്കിലും മനുഷ്യരും ഭയപ്പെടണം.
ഏതാനും വർഷങ്ങൾക്കുമുന്പ് നാട്ടിലെ കന്നുകാലികൾക്ക് ആന്ത്രാക്സ് പടരുന്നതായി വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞിരുന്നു. നമ്മൾ ഇവിടെ വായിക്കുന്ന ആന്ത്രാക്സ് ഇതല്ല. പകർച്ചവ്യാധിപോലെ ആളുകൾക്കിടയിൽ പടർന്നിരുന്നെങ്കിലും ഈ ആന്ത്രാക്സ് ഒരു രോഗമല്ല. പിന്നെയോ?
എണ്പതുകളിലെ ത്രാഷ്-മെറ്റൽ രംഗം അടക്കിവാണിരുന്നവരിലെ മുൻനിരക്കാരായ അമേരിക്കൻ മ്യൂസിക് ബാൻഡാണ്. 1981ൽ റിഥം ഗിറ്റാറിസ്റ്റ് സ്കോട്ട് ഇയാനും ബേസിസ്റ്റ് ഡാൻ ലിൽക്കറും ചേർന്നാണ് ബാൻഡിനു തുടക്കമിട്ടത്.
കിറുക്കൻ ആടുകൾ
സ്പോട്ടിഫൈയിൽ 1.1 മില്യണ് പ്രതിമാസ കേൾവിക്കാരുണ്ട് ആന്ത്രാക്സ് ബാൻഡിന്. കഴിഞ്ഞദിവസം അവരുടെ സ്പോട്ടിഫൈ പേജിൽ ക്രേസി ഷീപ്പ് എന്നൊരു ആൽബം പ്രത്യക്ഷപ്പെട്ടു. എൽ ഡയറക്ടർ എന്നൊരു ഗായകനുമായി ചേർന്ന് തയാറാക്കിയതെന്ന് അവകാശപ്പെടുന്ന ഏഴു ട്രാക്കുകൾ.
വെറും 273 പ്രതിമാസ കേൾവിക്കാരുള്ള ആർട്ടിസ്റ്റ് ആണ് എൽ ഡയറക്ടർ. ഈ പാട്ടുകൾ കേട്ട ആന്ത്രാക്സ് ആരാധകർ ഞെട്ടി. ഏതാണ്ടു നാലര പതിറ്റാണ്ടുകാലത്തെ സുദീർഘമായ കരിയർകൊണ്ട് ഉണ്ടാക്കിയ, ലോകത്തെ ഇതിഹാസതുല്യരായ ത്രാഷ്-മെറ്റൽ ബാൻഡ് എന്ന പേര് ആന്ത്രാക്സ് കളഞ്ഞുകുളിച്ചോ എന്നവർ സംശയിച്ചു. കാരണം മറ്റൊന്നുമല്ല, മൃദുലവും ശാന്തവുമായ ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ആയിരുന്നു ആ ട്രാക്കുകളിൽ. ആന്ത്രാക്സിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തവ!
അയ്യോ.. എഐ!
സംഭവത്തെക്കുറിച്ച് ഈ കുറിപ്പു തയാറാക്കുന്ന സമയംവരെ ആന്ത്രാക്സ് ഒൗദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. സ്പോട്ടിഫൈ ഈ ട്രാക്കുകൾ ഗ്രേ-ഒൗട്ട് ചെയ്തിട്ടുമുണ്ട്. നീക്കംചെയ്യുന്നതിനു മുന്നോടിയായാണ് ഈ നടപടി.
ക്രേസി ഷീപ്പിന് ആന്ത്രാക്സ് ഒരു പിടി പുല്ലുപോലും കൊടുത്തിട്ടില്ല എന്നുറപ്പ്. പിന്നെന്താവും ഇതിനുപിന്നിൽ? എഐ ചതിയന്മാരുടെ കളിയാണ് കിറുക്കൻ ആടുകളെ കെട്ടഴിച്ചുവിട്ടതെന്ന് പ്രാഥമിക സൂചനകൾ വ്യക്തമാക്കുന്നു.
മരിച്ചുപോയ ആർട്ടിസ്റ്റുകളെ അനുകരിച്ചും ഇല്ലാത്ത സ്വരങ്ങളുണ്ടാക്കിയും എഐ പാട്ടുകളിൽ വിലസുന്നുണ്ട്. പ്രമുഖ ബാൻഡുകളുടെ പേരിൽ വ്യാജ ആൽബങ്ങൾ റിലീസ് ചെയ്യുന്നത് ഒട്ടും പ്രോത്സാഹിപ്പിക്കേണ്ടതില്ലാത്ത സ്ട്രീമിംഗ് ട്രെൻഡ് ആണെന്ന് വിദഗ്ധർ പറയുന്നു. പ്ലാറ്റ്ഫോമുകൾ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കാട്ടുന്നില്ലെന്നുവേണം കരുതാൻ.
എൽ ഡയറക്ടർ എന്ന ആർട്ടിസ്റ്റിനെത്തന്നെ നോക്കിയാൽ കാര്യം രസകരം. 2024ന്റെ തുടക്കംമുതൽ എൽ ഡയറക്ടർ ഒന്പത് ആൽബങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്! മനുഷ്യരാണെങ്കിൽ അദ്ഭുതകരമായ പ്രവൃത്തിയാണിത്. എഐ നിർമിതമായ കവറുകളുമായി പ്രത്യക്ഷപ്പെടുന്ന ഈ ആൽബങ്ങൾ സൂചനനൽകുന്നത് നിർമിത ബുദ്ധിയിലേക്കുതന്നെയാണ്. പറ്റിക്കലോടു പറ്റിക്കൽ! എഐ ഉപയോഗിച്ച് മനുഷ്യരെ പറ്റിക്കലും രോഗബാധപോലെ നിയന്ത്രിക്കപ്പെടേണ്ടതാണ്.
പേര് രോഗത്തിൽനിന്ന്
ബാൻഡ് രൂപീകരിച്ച വേളയിൽ ഇയാനും ഡാനും പേരിനുവേണ്ടിയുള്ള തെരച്ചിലിലായിരുന്നു. എന്തായാലും ഒരു "പൈശാചിക'മായ പേരുവേണം. അങ്ങനെയിരിക്കെ ഇയാൻ ഒരു ജീവശാസ്ത്ര പാഠപുസ്തകത്തിൽ ആന്ത്രാക്സ് രോഗത്തെക്കുറിച്ചു കണ്ടു. എന്നാൽ അതുതന്നെയിരിക്കട്ടെ ബാൻഡിന്റെ പേരെന്നു തീരുമാനിക്കുകയും ചെയ്തു. ആവശ്യത്തിനു ദോഷമുണ്ടല്ലോ ആന്ത്രാക്സിൽ!
വിഖ്യാതരായ ഗായകരും ഉപകരണവാദകരും വന്നുംപോയുമിരുന്നെങ്കിലും ആന്ത്രാക്സ് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കി. ഈ പോക്കുവരവുകൾ പലതും വൻ സംഭവങ്ങളായിരുന്നു. യഥാർഥത്തിൽ സ്പീഡ് മെറ്റൽ, ത്രാഷ്-മെറ്റൽ ധാരകളുടെ ആവിർഭാവത്തിനു കാരണമായ ബാൻഡുകളിലൊന്നാണ് ആന്ത്രാക്സ്.
വരികളിലെ നർമം, തമാശപ്പുസ്തകങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ എന്നിവയും ആന്ത്രാക്സിനെ ശ്രദ്ധേയമാക്കി. ആക്രമണാത്മകമെന്നു വിശേഷിപ്പിക്കപ്പെട്ട ഗിറ്റാറിസ്റ്റുകളായിരുന്നു അവരുടേത്. പ്രശസ്തമായ ഒട്ടേറെ പുരസ്കാരങ്ങൾ ആന്ത്രാക്സ് നേടിയിട്ടുണ്ട്.