നൈജീരിയയിൽ കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടുപോയി
Thursday, September 18, 2025 1:20 AM IST
അബുജ: നൈജീരിയയിൽ വീണ്ടും കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടുപോയി. കോഗി സംസ്ഥാനത്തെ ഒലമാബോറോ ലോക്കൽ ഗവൺമെന്റ് ഏരിയയിലെ അഗലിഗ-എഫാബോ സെന്റ് പോൾസ് ഇടവക വികാരി ഫാ. വിൽഫ്രഡ് എസെംബയെയാണ് അജ്ഞാതരായ ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞ 13നായിരുന്നു സംഭവം. ഇമാനെയ്ക്കും ഒഗുഗുവിനും ഇടയിലുള്ള റോഡിൽ അജ്ഞാതരായ ആയുധധാരികൾ മറ്റു യാത്രക്കാരെയും തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താൻ സുരക്ഷാസേന റോഡിനടുത്തുള്ള കാടുകളിൽ തെരച്ചിൽ തുടരുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഇതേ പ്രദേശത്തു നടക്കുന്ന രണ്ടാമത്തെ തട്ടിക്കൊണ്ടുപോകലാണിത്.
ഫിഡെസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ പത്തു വർഷത്തിനിടെ നൈജീരിയയിൽ 145 വൈദികരെയാണ് സായുധസംഘങ്ങൾ തട്ടിക്കൊണ്ടുപോയത്. ഇതിൽ 11 പേരെ വധിച്ചു.
ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം നടക്കുന്ന നൈജീരിയയിൽ ഈ വർഷം ആദ്യ ഏഴു മാസങ്ങളിൽ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ 7,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.