കുവൈറ്റിന്‍റെ വിലക്ക് ഫിഫ പിൻവലിച്ചു
Thursday, December 7, 2017 7:24 AM IST
കുവൈത്ത് സിറ്റി: കുവൈറ്റിന് രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. രണ്ടു വർഷത്തിന്‍റെ കാത്തിരിപ്പിന് ശേഷമാണ് കുവൈത്തിന് രാജ്യാന്തര മത്സരങ്ങൾ കളിക്കാൻ ഫിഫ അനുമതി നൽകുന്നത്. ഫിഫയ്ക്ക് പുറമെ അന്താരാഷ്ട്ര ഒളിന്പിക് സമിതിയും കുവൈത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

മാനദണ്ഡങ്ങൾ പാലിക്കാതെ രാജ്യത്തെ കായിക ഭരണസമിതികളിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായതോടെയാണ് ഐഒഎയും ഫിഫയും കുവൈറ്റിന് വിലക്കേർപ്പെടുത്തിയത്. രാജ്യാന്തര സംഘടനകളുടെ ഭേദഗതികൾ ഉൾപ്പെടുത്തി കുവൈറ്റ് കഴിഞ്ഞയാഴ്ച രാജ്യത്ത് പുതിയ നിയമം പാസാക്കിയതോടെയാണ് വിലക്ക് പിൻവലിച്ചത്.

കുവൈറ്റ് ഒളിന്പിക് കമ്മിറ്റിയെ സസ്പെന്‍ഡ് ചെയ്തതിന് രാജ്യാന്തര ഒളിന്പിക് കമ്മിറ്റിക്കെതിരെ 100 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുവൈറ്റ് കേസ് ഫയല്‍ ചെയ്തിരുന്നുവെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. വിലക്ക് കാരണം രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ കുവൈറ്റ് അത്‌ലറ്റുകൾക്കും ഫുട്ബോൾ ടീമിനും സാധിച്ചിരുന്നില്ല. കുവൈറ്റ് സന്ദർശനത്തിന് എത്തിയ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയാണ് വിലക്ക് നീക്കിയ പ്രഖ്യാപനം നടത്തിയത്.

അതിനിടെ 2022-ൽ ഖത്തർ വേദിയാകുന്ന ഫുട്ബോൾ ലോകകപ്പിന്‍റെ ഏതാനും മത്സരങ്ങൾക്ക് കുവൈറ്റ് വേദിയാകുമെന്നും റിപ്പോർട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിച്ചാൽ ഇക്കാര്യത്തിൽ ഫിഫയ്ക്ക് എതിർപ്പില്ലെന്നാണ് റിപ്പോർട്ട്. ലോകകപ്പിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കാൻ കുവൈറ്റ് നടപടികൾ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. അന്താരാഷ്ട്ര ഒളിന്പിക് സമിതിയുടെ വിലക്കും ഈ മാസം തന്നെ നീക്കുമെന്നാണ് റിപ്പോർട്ടുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.