ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന്പന്നരുമല്ല, ആകെയുള്ളത് ഒരു ചെറിയ പലചരക്കു കട. അവിടെനിന്നുള്ള വരുമാനം. പക്ഷേ, ഇതിനകം എറണാകുളംകാരി മോളി ജോയി പതിനാറ് രാജ്യങ്ങൾ ചുറ്റിയടിച്ചുകഴിഞ്ഞു. മോളിയുടെ യാത്രയുടെ കഥകൾ ആരെയും അദ്ഭുതപ്പെടുത്തും...
എറണാകുളം ഇരുന്പനം ചിത്രപ്പുഴയിലെ പലചരക്കുകടയിൽ ആവശ്യക്കാർക്കു സാധനങ്ങളെടുത്തു കൊടുക്കുന്ന തിരക്കിലാണ് മോളി ജോയി എന്ന വീട്ടമ്മ. പരിചയക്കാരോടു വിശേഷങ്ങൾ ചോദിച്ചും പുതുതായി എത്തുന്നവരെ പരിചയപ്പെട്ടും ചോദിക്കുന്ന സാധനങ്ങൾ പൊതിഞ്ഞും കവറിലാക്കിയുമൊക്കെ കൊടുക്കുന്നു.
ഇതിനിടയിൽ അവർ നീട്ടുന്ന പണം പണപ്പെട്ടിയിലേക്ക് ഇടുന്നു, ബാക്കി കൊടുക്കുന്നു. ആ പണപ്പെട്ടിയിലേക്കു വീഴുന്ന ഒാരോ തുട്ടിലും ഒരു സ്വപ്നമുണ്ട്. അധികം വൈകാതെ അവ ചിറകുവിരിച്ച് ആകാശങ്ങളിലേക്കു പറക്കും. പിന്നെ ഗൾഫിലോ യൂറോപ്പിലോ ചൈനയിലോ റഷ്യയിലോ എവിടെയെങ്കിലുമാകും ലാൻഡ് ചെയ്യുക.
ഈ ചെറിയ പലചരക്കുകടയിൽനിന്നു പറന്നുയർന്ന ഫ്ളൈറ്റുകൾ ഇതിനകം പതിനാറു രാജ്യങ്ങളിൽ ലാൻഡ് ചെയ്തുകഴിഞ്ഞു! മനസിലായില്ലെന്നുണ്ടോ? ഈ കുഞ്ഞു പലചരക്കുകടയിൽനിന്നു കിട്ടിയ വരുമാനവുമായി മോളി ജോയി പതിനാറു രാജ്യങ്ങളിൽ ചുറ്റിയടിച്ചുകഴിഞ്ഞു. ഇനിയും പലേടത്തേക്കും പറക്കാനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു.
നമ്മുടെ നാട്ടിലെ വീട്ടമ്മമാർ പോട്ടെ, അത്യാവശ്യം ഭേദപ്പെട്ട ജോലിയും വരുമാനവുമുള്ളവർ പോലും ഈ വീട്ടമ്മയുടെ യാത്രയുടെ കഥകൾ കേട്ടാൽ അദ്ഭുതപ്പെട്ടുനിന്നു പോകും. പോക്കറ്റിനു കാര്യമായ കനമില്ലെങ്കിലും കൂടെപ്പോരാൻ ആരുമില്ലെങ്കിലും ഭാഷയും പത്രാസുമൊന്നും അത്ര പരിചയമില്ലെങ്കിലും വലിയ ഡിഗ്രിയും വിദ്യാഭ്യാസ യോഗ്യതകളുമൊന്നും പറയാനില്ലെങ്കിലും നല്ല ജോളിയായി ലോകം കണ്ടുവരാമെന്നു മലയാളിയെ പഠിപ്പിക്കുകയാണ് ഈ മോളി.
കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട ശേഷം മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെലവ്. അതില്‍ 30,000 രൂപ ട്രാവല്‍ ഏജന്‍സിയിലെ ബെന്നിസാര്‍ കുറച്ചുതന്നു. ബാക്കി പണത്തിനായി എന്റെ രണ്ടു പവന്റെ മാല പണയം വച്ചു പണം സംഘടിപ്പിച്ചു. പണയം വച്ചതിന്റെ കടം വീട്ടാൻ ഇപ്പോൾ കുറച്ചുകുറച്ചായി അടച്ചുകൊണ്ടിരിക്കുന്നു.
ഈ കടം തീർന്നിട്ടു വേണം ഇനി അടുത്ത യാത്രയെക്കുറിച്ചു ചിന്തിക്കാൻ-എറണാകുളം ഇരുമ്പനം ചിത്രപ്പുഴയില്‍ പലചരക്കുകട നടത്തുന്ന മോളി ജോയി ചെറുചിരിയോടെ പറയുന്നു. 62-ാം വയസില്‍ തന്റെ 16-ാമത്തെ വിദേശരാജ്യ സന്ദര്ശനത്തെക്കുറിച്ചു പറയുമ്പോള്‍ മോളിയുടെ കണ്ണുകളില്‍ ഒരു കൊച്ചുകുട്ടിയുടെ ആവേശവും അദ്ഭുതവും. ഉള്ളിൽ ഉയരുന്ന മോഹം ആത്മാർഥമായിട്ടുള്ളതാണെങ്കിൽ, അതിനുവേണ്ടി നാം ആത്മാർഥമായി കഷ്ടപ്പെടുകയാണെങ്കിൽ ദൈവം നമ്മെ ആ വഴിയിലേക്കുതന്നെ കൊണ്ടുചെന്നെത്തിക്കുമെന്നതാണ് മോളിയുടെ അനുഭവം.
യാത്രകൾ പണ്ടുമുതൽ മോളിക്ക് ഇഷ്ടമായിരുന്നു. എന്നാൽ, സാന്പത്തിക പരാധീനതകളും മറ്റു ജീവിതസാഹചര്യങ്ങളും വച്ചുനോക്കുന്പോൾ യാത്രയെക്കുറിച്ചു ചിന്തിക്കാൻ പോലും ആവാതിരുന്ന കാലം. എന്നാൽ, പിന്നീട് തന്റെ പലചരക്കുകടയിൽനിന്നു കിട്ടുന്ന ചെറിയ വരുമാനത്തിൽ ഒരു ഭാഗം തന്റെ യാത്രാമോഹത്തിനായി മാറ്റിവയ്ക്കാൻ ഈ പത്താംക്ലാസുകാരി തീരുമാനിച്ചിടത്ത് അദ്ഭുതങ്ങൾ പിറന്നു.
സ്വപ്നം കണ്ട കുട്ടിക്കാലം
തിരുവാങ്കുളം ഒലിപ്പുറത്തു വീട്ടില്‍ അബ്രഹാം-അന്നമ്മ ദമ്പതികളുടെ മകളായ മോളിക്കു കുട്ടിക്കാലം മുതലേ യാത്രകളോട് ഏറെ ഇഷ്ടമായിരുന്നു. വാരികകളിലും മറ്റും കാണുന്ന യാത്രാവിവരങ്ങള്‍ കൗതുകത്തോടെ വായിക്കും. സ്കൂളില്‍നിന്നു വിനോദയാത്രയ്ക്കു പോകുന്ന സമയത്തെല്ലാം കൂട്ടുകാര്‍ക്കൊപ്പം പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വീട്ടിലെ പ്രാരബ്ധങ്ങള്‍ കാണുന്പോൾ ആരോടും പറയാൻ തോന്നിയില്ല.
ആഗ്രഹം ഉള്ളിൽ ഒളിപ്പിച്ചു. കരിങ്കല്മടയിലെ പണിക്കാരനായ അപ്പന്റെ അവസ്ഥ മകള്‍ക്കു നന്നായി അറിയാമായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന അദ്ദേഹത്തിന്റെ മുന്നിലേക്കു പണം ചോദിച്ചു ചെല്ലാന്‍ മോളിയുടെ മനസ് അനുവദിച്ചില്ല.
ചിത്രപ്പുഴ സ്വദേശി ജോയിയുടെ ജീവിതസഖിയായപ്പോഴും അവസ്ഥ വ്യത്യസ്തമായിരുന്നില്ല. കരിങ്കല്പ്പണിക്കാരനായ ജോയിക്ക് അസുഖത്തെത്തുടര്‍ന്നു പലപ്പോഴും ജോലിക്കു പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
തളരാതെ മുന്നോട്ട്
മക്കള്‍ക്ക് അസുഖം വരുമ്പോഴൊക്കെ പലപ്പോഴും ആശുപത്രിയില്‍ കൊണ്ടുപോകാനും വണ്ടിക്കാശിനുമുള്ള കൃത്യം പൈസയല്ലാതെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുഞ്ഞുങ്ങള്‍ക്കു നല്‍കാനുള്ള പണം പോലും അക്കാലത്തു തങ്ങളുടെ കൈയിലുണ്ടായിരുന്നില്ലെന്നു പറഞ്ഞപ്പോള്‍ മോളിയുടെ കണ്ണുകള്‍ നിറഞ്ഞു. അക്കാലത്തും യാത്രകളെക്കുറിച്ചു ചിന്തിക്കാൻ കഴിയുമായിരുന്നില്ല.
പക്ഷേ, മോളി ആരോടും പരാതി പറഞ്ഞില്ല. 2004ല്‍ ഭര്‍ത്താവ് ജോയി അസുഖത്തെത്തുടര്‍ന്നു മരിച്ചു. വിദ്യാര്‍ഥികളായ മക്കളുമായി ഇനി എന്തു ചെയ്യണമെന്നറിയാതെ ആദ്യം പകച്ചു നിന്നു. പക്ഷേ. പ്രതിസന്ധികളില്‍ തളരാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു. വീടിനോടു ചേര്‍ന്നു ചെറിയൊരു പലചരക്കു കട തുടങ്ങി.
അതോടെയാണ് കൈയിൽ പേരിനെങ്കിലും പൈസ കണ്ടുതുടങ്ങിയതെന്നാണ് മോളി പറയുന്നത്. കാലം കടന്നുപോയപ്പോൾ തട്ടിയും മുട്ടിയും ജീവിതം മുന്നോട്ടുനീങ്ങി. അതിനിടെ, മകള്‍ ജിഷയുടെ വിവാഹം കഴിഞ്ഞു, മകന് ഏലിയാസിനു വിദേശത്തു ജോലിയും കിട്ടി.
അയല്‍ക്കാരുമൊത്ത്
2007-08 കാലഘട്ടത്തിലാണ് അയല്‍ക്കാര്‍ ഒരുമിച്ചൊരു യാത്ര പോകാനുള്ള തീരുമാനം ഉണ്ടായത്. ഊട്ടി, കൊടൈക്കനാലൊക്കെ സന്ദര്‍ശിച്ച് ഒരാഴ്ചത്തെ വിനോദയാത്ര. മോളി മക്കളോടു സമ്മതം ചോദിച്ചപ്പോള്‍ ഇരുവരും സന്തോഷത്തോടെ അമ്മയെ പറഞ്ഞയച്ചു. പിറ്റേ വര്‍ഷം ഈ സംഘംതന്നെ തിരുവനന്തപുരം, കോവളം, പളനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കു യാത്രപോയി.
അതിലും മോളി പങ്കാളിയായി. 2009ല്‍ മോളി ഏറെ ആഗ്രഹിച്ചിരുന്ന മൂകാംബികയിലേക്ക് ഈ സംഘം യാത്ര പോയെങ്കിലും വീടു പണി നടക്കുന്നതിനാല്‍ മോളിക്കു പോകാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ 2010ല്‍ മോളി പാസ്പോര്‍ട്ട് സ്വന്തമാക്കി. 2011ല്‍ മകന്റെ വിവാഹം കഴിഞ്ഞതോടെ ഉത്തരവാദിത്വങ്ങളില്‍ അല്പം ഇളവു വന്നു.
പറക്കുന്നു യൂറോപ്പിലേക്ക്
അയല്‍ക്കാരിയായ മേരിയാണ് യൂറോപ്പിലേക്കുളള യാത്രാസംഘത്തില്‍ കൂടുന്നോയെന്നു മോളിയോടു ചോദിച്ചത്. ചോദ്യത്തിൽത്തന്നെ ആകെ ത്രില്ലടിച്ചുപോയി. പക്ഷേ, വലിയൊരു കടന്പ മുന്നിലുണ്ടായിരുന്നു. അന്നു വിദേശയാത്രയൊക്കെ പോകണമെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ നിശ്ചിത പണം കാണിക്കണമായിരുന്നു. അതെങ്ങനെ സംഘടിപ്പിക്കുമെന്നറിയില്ലായിരുന്നു. അവിടെയും മേരിച്ചേച്ചി തുണയായി.
“മേരിച്ചേച്ചി എന്റെ അക്കൗണ്ടിലേക്കു പൈസ ഇട്ടുതന്നു. ഞാന്‍ അതു പിന്നീടു തിരിച്ചുകൊടുക്കുകയും ചെയ്തു.” 2012 ഏപ്രിലിൽ 51-ാം വയസിലായിരുന്നു ആ യൂറോപ്യന്‍ യാത്ര. ടൂര്‍ കമ്പനിയായ റോയല്‍ ഓമാനിയയ്ക്കു കീഴില്‍ പത്തു ദിവസം നീണ്ട യാത്രയില്‍ ഇറ്റലി, വത്തിക്കാന്‍, ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഒന്നര ലക്ഷം രൂപയാണ് ആ യാത്രയ്ക്കു ചെലവായത്.
പിറ്റേ വര്‍ഷവും ട്രാവല്‍ ഏജന്‍സിയില്‍നിന്നു യാത്രയ്ക്കായി വിളിച്ചെങ്കിലും അപ്പോൾ കൈയിൽ പണമുണ്ടായിരുന്നില്ല. ഇതോടെ, അടുത്ത യാത്രയ്ക്കുള്ള പണം സ്വരൂപിക്കാൻ ശ്രമം തുടങ്ങി. അതിനായി തന്റെ കട കൂടുതൽ സമയം പ്രവർത്തിപ്പിച്ചു. രാവിലെ 7.30ന് തുറക്കുന്ന കട രാത്രി 10.30നാണ് അടച്ചിരുന്നത്.
സമീപത്തെ കമ്പനിയിലെ ജോലിക്കാരായ ഉത്തരേന്ത്യന്‍ തൊഴിലാളികൾ കടയിൽ എത്താൻ തുടങ്ങിയതോടെ ഭേദപ്പെട്ട വരുമാനം കിട്ടി. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും അധിക വരുമാനം നേടാനായി കട തുറന്നു. ഇതിനിടെ, പല ചിട്ടികളിലും ചേർന്നു. അങ്ങനെ സ്വരൂപിച്ച പണവുമായി 2017ല്‍ ടൂര്‍ കമ്പനികള്‍ക്കൊപ്പം സിംഗപ്പുര്‍, മലേഷ്യന്‍ യാത്രകള്‍ നടത്തി.
ലണ്ടനിലെ പിറന്നാൾ കേക്ക്
2019ല്‍ 15 ദിവസത്തേക്കു മോളി യൂറോപ്യൻ സന്ദര്‍ശനം നടത്തി. നൂറു നാവോടെയാണ് ആ യാത്രയെക്കുറിച്ചു മോളി പറയുന്നത്. ഇന്നും മായാതെ മനസിൽ നിൽക്കുന്നവയാണ് ആ യാത്രയിലെ അനുഭവങ്ങൾ.
ജീവിതത്തിൽ ഇന്നേവരെ പിറന്നാൾ ആഘോഷിച്ചിട്ടില്ലാത്ത മോളി ആദ്യമായി പിറന്നാൾ ആഘോഷിച്ചത് അന്നാണ്. ആ യാത്രയ്ക്കിടെയായിരുന്നു അന്‍പത്തിയെട്ടാം പിറന്നാൾ. യാത്രാസംഘത്തിൽ 49 പേരുണ്ടായിരുന്നു. എല്ലാവരും തന്നെ വലിയ വലിയ ആളുകൾ.
എന്റെ പിറന്നാൾ ആണെന്നു തിരിച്ചറിഞ്ഞ അവർ ഡിന്നറിനുശേഷം എനിക്കായി ഒരു പാർട്ടിയൊരുക്കി. അന്നു ജീവിതത്തിൽ ആദ്യമായി ഞാൻ പിറന്നാൾ കേക്ക് മുറിച്ചു. അതും ലണ്ടനിൽ വച്ച്. എന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഇല്ലാതിരുന്ന കാര്യം. എനിക്കു തന്നെ അതിശയം തോന്നി.
ആ യാത്രയില്‍ ഇംഗ്ലണ്ട്, പോളണ്ട്, നെതര്‍ലന്‍ഡ്, ബെല്‍ജിയം, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇതിനിടയില്‍ ആംസ്റ്റര്‍ഡാമില്‍നിന്നു റോമിലേക്കു കപ്പല്‍യാത്ര. രണ്ടു ദിവസത്തെ കപ്പല്‍യാത്ര സമ്മാനിച്ച ആഴക്കടല്യാത്രയുടെ അനുഭവങ്ങള്‍ വാക്കുകളിൽ പറയാനാവില്ലെന്നു മോളി പറയുന്നു.
മോഹിപ്പിച്ച് റഷ്യ
2021ൽ മോളി അമേരിക്കയിലേക്കും പറന്നു. ടൂര്‍ കമ്പനിയായ സോമന്‍സ് ആറു ദിവസത്തെ ബാങ്കോക്ക് യാത്രയില്‍ മോളിയുടെ സ്പോണ്‍സറായി. കഴിഞ്ഞ നവംബറിലാണ് ഒമ്പതു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനം നടത്തിയത്. ആ യാത്രയ്ക്കുള്ള പണത്തിനായാണ് മാല പണയം വച്ചത്.
നവംബര്‍ 26നാണ് റഷ്യയിലെത്തിയത്. മഞ്ഞുവീഴ്ചയുടെ സമയമാണത്. ഞാന്‍ സന്ദര്‍ശിച്ചിട്ടുളള രാജ്യങ്ങളില്‍ ഏറ്റവും മനോഹരമായി തോന്നിയതു റഷ്യയായിരുന്നു. അവിടേക്കു വീണ്ടും പോകാന്‍ തോന്നുകയാണ്. സെന്റ് പീറ്റേഴ്സ്ബെര്‍ഗ്, ലെനിന്റെ ശവകുടീരം, ലോകത്തിലെ ഏററവും ഭാരമുള്ള മണി ഇതൊക്കെ കണ്ടു ത്രില്ലടിച്ചു.
യാത്രയിൽ പണക്കുറവ് മൂലം ഷോപ്പിംഗ് അധികം നടത്താറില്ല. കുട്ടികള്‍ക്കു മിഠായി വാങ്ങും. പിന്നെ പോകുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളുമായി ബന്ധപ്പെട്ട ചെറിയ ശില്പങ്ങള് മൂന്നു നാലെണ്ണം വാങ്ങിക്കൊണ്ടു പോരും. - മോളി പറഞ്ഞു.
ഇനിയും പറക്കണം
ജപ്പാന്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലേക്കു സഞ്ചാരം നടത്തണമെന്നതാണ് ഇനി മോളിയുടെ മോഹം. ട്രാവൽ ഏജൻസികൾ ഇടയ്ക്കിടെ വിളിക്കാറുണ്ട്. അവർ വിളിക്കുന്പോൾ പലപ്പോഴും എന്റെ കൈയില്‍ പണമുള്ള സമയം ആയിരിക്കില്ല. ഏജൻസികൾ വീണ്ടും വീണ്ടും വിളിക്കുന്പോൾ ഇൻസ്റ്റാൾമെന്റ് ക്രമീകരണം ചെയ്തു തന്നാൽ വരാമെന്ന് അവരോടു പറയും.
സ്വന്തം അധ്വാനത്തിൽനിന്നു സ്വരൂപിച്ച തുകയാണ് യാത്രകൾക്കായി ഉപയോഗിച്ചിട്ടുള്ളതെന്നു പറയുന്നന്പോൾ മോളിയുടെ മുഖത്ത് അഭിമാനം. അടുത്ത യാത്രയ്ക്കു വേണ്ടിയുള്ള സ്വപ്നങ്ങൾ നെയ്ത് മോളി വീണ്ടും കടയിലെ തിരക്കുകളിലലിഞ്ഞു.
സീമ മോഹന്‍ലാല്‍