ചങ്ക് തകർത്ത് ഹാർട്ലി; ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കു തോൽവി
Monday, January 29, 2024 2:38 AM IST
ഹൈദരാബാദ്: സന്ദർശക ടെസ്റ്റ് ടീമിനെ സ്പിൻ ബൗളിംഗിൽ കറക്കി വീഴ്ത്തുന്ന പതിവ് ഇന്ത്യൻ ശൈലി അതേ നാണയത്തിൽ തിരിച്ചടി. ഇംഗ്ലണ്ടിനെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിൽ ഏഴു വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ സ്പിന്നർ ടോം ഹാർട്ലിക്കു മുന്നിൽ കറങ്ങിവീണ ഇന്ത്യ 28 റണ്‍സിനു തോറ്റു.
231 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 202 റണ്‍സിൽ ഓൾഒൗട്ടായി. ജയത്തോടെ പരന്പരയിൽ ഇംഗ്ലണ്ട് മുന്നിലെത്തി. ഇരട്ട സെഞ്ചുറിക്കു നാലു റണ്‍ അകലെ വച്ചുപുറത്തായ ഇംഗ്ലണ്ടിന്റെ ഒലി പോപ്പാണ് കളിയിലെ താരം. സ്പിന്നർമാരായ ജോ റൂട്ടും ജാക്ക് ലീച്ചും ഓരോ വിക്കറ്റ് വീഴ്ത്തി.
സ്കോർ: ഇംഗ്ലണ്ട് 246, 420. ഇന്ത്യ 436, 202
231 റണ്‍സ് വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ഇന്ത്യയുടെ തുടക്കം നല്ലതായിരുന്നു. ഓപ്പണർമാരായ രോഹിത് ശർമയും യശസ്വി ജയ്സ്വാളും 42 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. 15 റണ്‍സെടുത്ത ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ അതേ ഓവറിൽ തന്നെ രണ്ട് പന്തുകൾ മാത്രം നേരിട്ട് ശുഭ്മാൻ ഗില്ലും (0) മടങ്ങി. രണ്ടു വിക്കറ്റും ഹാർട്ലിക്കായിരുന്നു. 39 റണ്‍സുമായി നിലയുറപ്പിച്ചുവെന്ന് തോന്നിയ ക്യാപ്റ്റൻ രോഹിത് ശർമയെ ഹാർട്ലി വിക്കറ്റിന് മുന്നിൽ കുടുക്കി.
നാലാം വിക്കറ്റിൽ ഒരുമിച്ച കെ.എൽ രാഹുലും അക്ഷർ പട്ടേലും ചേർന്ന് 32 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യൻ സ്കോർ 95ലെത്തിച്ചു. അക്ഷറിനെ (17) സ്വന്തം പന്തിൽ പിടികൂടി ഹാർട്ലി പുറത്താക്കി ഈ സഖ്യം പൊളിച്ചു. രാഹുലിന്റെ പുറത്താകലിനും (22) അധികം കാത്തിരിക്കേണ്ടിവന്നില്ല.
ജോ റൂട്ടാണ് ഈ വിക്കറ്റ് സ്വന്തമാക്കിയത്. അഞ്ചിന് 107 എന്ന നിലയിലായി ഇന്ത്യ. ഇതോടെ ഇന്ത്യയെ പ്രതിരോധത്തിലാക്കി. ഒന്നാം ഇന്നിംഗ്സിൽ 87 റണ്‍സുമായി ഇന്ത്യയുടെ ടോപ്സ്കോററായ രവീന്ദ്ര ജഡേജയെ (2)ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് റണ്ണൗട്ടാക്കിയതോടെ ആതിഥേയർ പരുങ്ങി. പിന്നാലെ ശ്രേയസ് അയ്യരെ (13) ജാക്ക് ലീച്ച് റൂട്ടിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ തോൽവി മുന്നിൽ കണ്ടു. ശേഷിക്കുന്ന മൂന്നു വിക്കറ്റുകൾ പെട്ടെന്ന് എറിഞ്ഞിടാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമത്തെ എട്ടാം വിക്കറ്റിൽ ഒന്നിച്ച വിക്കറ്റ്കീപ്പർ ശ്രീകർ ഭരത് - ആർ. അശ്വിൻ സഖ്യം പ്രതിരോധിച്ചു നിന്നു. 57 റണ്‍സ് നേടിയ ഈ സഖ്യം മത്സരം അവസാന ദിവസത്തേക്കു നീട്ടിയേക്കുമെന്ന ഘട്ടത്തിലാണ് ഹാർട്ലി ഭരത്തിനെ ക്ലീൻ ബൗൾഡാക്കി കളി വീണ്ടും ഇംഗ്ലണ്ടിന് അനുകൂലമാക്കിയത്.
ഇന്ത്യൻ ഇന്നിംഗ്സിലെ ഉയർന്ന കൂട്ടുകെട്ടും ഇതായിരുന്നു. 59 പന്തുകളിൽനിന്ന് 28 റണ്‍സായിരുന്നു ഭരത് നേടിയത്. തൊട്ടുപിന്നാലെ അശ്വിനെയും (28) മടക്കി ഹാർട്ലി തന്നെ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അവസാനിപ്പിച്ചു. എന്നാൽ അവസാന വിക്കറ്റിൽ പിടിച്ചുനിന്ന ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും 25 റണ്‍സ് കൂട്ടിച്ചേർത്തു. ഒടുവിൽ സിറാജിനെ (12) മടക്കി ഹാർട്ലി തന്നെ ഇന്ത്യയുടെ തോൽവി ഉറപ്പാക്കി.
ആറു വിക്കറ്റിന് 316 റണ്‍സുമായി നാലാം ദിവസം തുടങ്ങിയ ഇംഗ്ലണ്ട് 104 റണ്‍സുകൂടി ചേർത്തു. ഇംഗ്ലണ്ടിന് 28 റണ്‍സെടുത്ത റെഹാൻ അഹമ്മദിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പോപ്പിനൊപ്പം നിർണായകമായ 64 റണ്‍സ് കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമായിരുന്നു മടക്കം. പോപ്പ്- ടോം ഹാർട്ലി എട്ടാം വിക്കറ്റിൽ 80 റണ്സാണെത്തിയത്. ഹാർട്ലിയെ (34) പുറത്താക്കി അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിൽ പത്താമനായാണ് പോപ്പ് പുറത്തായത്. 278 പന്തിൽ നിന്ന് 21 ബൗണ്ടറിയടക്കം 196 റണ്‍സെടുത്ത പോപ്പിന്റെ കുറ്റിതെറിപ്പിച്ച് ജസ്പ്രീത് ബുംറ ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.
വൻ ലീഡിനു ശേഷം തോൽക്കുന്നത് മൂന്നാം തവണ
190 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് എടുത്തശേഷമാണ് ഇന്ത്യൻ തോൽവി. 2015ൽ ശ്രീലങ്കയ്ക്കെതിരേ ഗോളിൽവച്ച് 192 റണ്‍സിന്റെ ലീഡ് നേടിയശേഷം മികച്ച ലീഡ് ഉണ്ടായിരിക്കേ ഇന്ത്യ പരാജയപ്പെടുന്ന മൂന്നാമത്തെ മത്സരമാണ്. 2022ൽ ബർമിങാമിൽ ഇംഗ്ലണ്ടിനെതിരേ 132 റണ്‍സ് ലീഡ് നേടിയിട്ടും തോറ്റിരുന്നു.