ലിഫ്റ്റിൽ കുടുങ്ങി അന്പയർ; വെയിലത്ത് കളിക്കാർ...
Friday, December 29, 2023 2:17 AM IST
മെൽബണ്‍: മൂന്നാം അന്പയർ (ടിവി അന്പയർ) ലിഫ്റ്റിൽ കുടുങ്ങിയതിനാൽ ഓസ്ട്രേലിയ x പാക്കിസ്ഥാൻ രണ്ടാം ടെസ്റ്റ് അഞ്ച് മിനിറ്റിൽ അധികം നിർത്തിവയ്ക്കേണ്ടിവന്നു. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിനിടെയാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്.
ഉച്ചഭക്ഷണത്തിനുശേഷം ഓസ്ട്രേലിയൻ ബാറ്റർമാരായ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ക്രീസിൽ. ലഞ്ച് ബ്രേക്കിനുശേഷം പ്രാദേശികസമയം 1.25നാണ് മത്സരം ആരംഭിക്കേണ്ടത്. ഫീൽഡിൽ പാക്കിസ്ഥാൻ കളിക്കാരും ക്രീസിൽ ഓസീസ് ബാറ്റർമാരും. കളി നിയന്ത്രിക്കുന്ന ഓണ്‍ ഫീൽഡ് അന്പയർമാരായ ജോയെൽ വിൽസണും മിഷേൽ ഗഫും കളത്തിലുണ്ട്. എന്നാൽ, തേർഡ് അന്പയർ റിച്ചാർഡ് ഇല്ലിംഗ്വർത്ത് സീറ്റിൽ എത്താത്തതിനാൽ മത്സരം ആരംഭിക്കാൻ ഫീൽഡ് അന്പയർമാർ അനുവദിച്ചില്ല.
കാത്തിരിപ്പ് അഞ്ച് മിനിറ്റിൽ അധികം കഴിഞ്ഞതോടെ നാലാം അന്പയറായ ഫിലിപ്പ് ഗില്ലെസ്പി തേർഡ് അന്പയറിന്റെ സീറ്റിലെത്തി മത്സരം പുനരാരംഭിക്കാൻ സിഗ്നൽ നൽകി. ഏതാനും മിനിറ്റിനുള്ളിൽ ഇല്ലിംഗ്വർത്ത് സീറ്റിലെത്തി. ചാനൽ സെവൻ അവതാരകയായ മെൽ മക്ലാഫ്ളിനും ലിഫ്റ്റിനുള്ളിൽ കുടുങ്ങിയതിൽ ഉൾപ്പെടും.
ഓസീസ് ലീഡിൽ
പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 264ൽ ഒതുക്കിയശേഷം രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഓസ്ട്രേലിയയ്ക്ക് കാര്യങ്ങൾ അത്ര പന്തിയല്ലായിരുന്നു. 16 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് ആതിഥേയർക്കു നഷ്ടപ്പെട്ടു. എന്നാൽ, സ്റ്റീവ് സ്മിത്തും (50), മിച്ചൽ മാർഷും (96) ചേർന്ന് ഓസീസിനെ കരകയറ്റി. മൂന്നാംദിനം അവസാനിക്കുന്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 187 എന്ന നിലയിലാണ് ഓസ്ട്രേലിയ. സ്കോർ: ഓസ്ട്രേലിയ 318, 187/6. പാക്കിസ്ഥാൻ 264.