പരിപോഷിപ്പിക്കാൻ പദ്ധതികളേറെ പക്ഷേ, ഫലപ്രാപ്തിയിലെത്തുന്നില്ല
കിതച്ച് കായിക കേരളം-3 / തോമസ് വർഗീസ്
Monday, December 25, 2023 12:35 AM IST
സീനിയർ താരങ്ങളെ ലോക നിലവാരത്തിൽ എത്തിക്കാൻ സംസ്ഥാനത്ത് കായിക വകുപ്പ് പ്രഖ്യാപിച്ച പദ്ധതികൾ ഏറെയുണ്ടെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തുന്നില്ല. സംസ്ഥാനത്തെ കായികരംഗത്തെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന കേരള സ്പോർട്സ് കൗണ്‍സിൽ സീനിയർ താരങ്ങൾക്കായി പ്രഖ്യാപിച്ച ഓപ്പറേഷൻ ഒളിന്പിയ, എലൈറ്റ് സ്കീം ഇവയുടെയെല്ലാം അവസ്ഥ ദയനീയം. ഇതിൽതന്നെ ഏറെ പ്രധാനപ്പെട്ടതാണ് ഓപ്പറേഷൻ ഒളിന്പിയ.
പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് തുടർച്ചയില്ലാതായതോടെ ശൈശവ അവസ്ഥയിൽ തന്നെ ഓപ്പറേഷൻ ഒളിന്പിയ ചരമം പ്രാപിച്ചു! കോടികൾ മുടക്കി വിദേശ കോച്ചുകളുടെ സഹായത്തോടെ മികച്ച താരങ്ങളെ പരിശീലിപ്പിച്ച് ഒളിന്പിക്സ് മെഡൽ നേടാൻ പ്രാപ്തരാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഓപ്പറേഷൻ ഒളിന്പിയയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്.
2017 മേയ് 29ന് ഒന്നാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ അന്നത്തെ കായിക മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് ഓപ്പറേഷൻ ഒളിന്പിയ. അടുത്ത ഒളിന്പിക്സിനു കേരളത്തിൽനിന്നു മെഡൽ ജേതാക്കളെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം.
11 കായിക ഇനങ്ങളിൽ എട്ടു വർഷത്തെ തുടർ പരിശീലനം നല്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയെന്നായിരുന്നു അന്ന് പ്രഖ്യാപിച്ചത്. 448 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നതെന്നും 2017 ജൂണിൽ പദ്ധതി ആരംഭിക്കുമെന്നും അറിയിച്ചു. ആർച്ചറി, അത്ലറ്റിക്സ്, ബാഡ്മിന്റൻ, ബോക്സിംഗ്, കനോയിംഗ്-കയാക്കിംഗ്, സൈക്ലിംഗ്, ഫെൻസിംഗ്, റോവിംഗ്, ഷൂട്ടിംഗ്, സ്വിമ്മിംഗ്, റെസ്ലിംഗ് എന്നിവയിൽ മികവ് തെളിയിച്ച 280 കായികതാരങ്ങൾക്ക് രാജ്യാന്തര പരിശീലനം നല്‍കുകയെന്നതാണു പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി വിദേശ പരിശീലകരുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന വാഗ്ദാനവും നല്കി. അഞ്ചു വർഷം പിന്നിട്ട് ഇപ്പോൾ ഓപ്പറേഷൻ ഒളിന്പിയയുടെ സ്ഥിതിയെന്താണന്നതിൽ സ്പോർട്സ് കൗണ്സിസിനു പോലും വ്യക്തതയില്ല . കോടിക്കണക്കിനു രൂപ ഈ പദ്ധതിയുടെ പേരിൽ ചെലവഴിച്ചു.
തുടക്കത്തിൽ 11 ഇനങ്ങളിൽ പരിശീലനം നല്കുമെന്നറിയിച്ചിരുന്നത് ഇപ്പോൾ അത്ലറ്റിക്സ്, ബാഡ്മെന്റിൻ, ബോക്സിംഗ്, ഫെൻസിംഗ്, റോവിംഗ് എന്നിവയായി ചുരുങ്ങിയതായി കൗണ്‍സിലിന്റെ വെബ്സൈറ്റിൽ നിന്നു തന്നെ വ്യക്തമാകുന്നു. ഇതിൽത്തന്നെ കായിക കേരളത്തിലെ ഏറ്റവും പ്രധാന കായിക ഇനമായ അത്ലറ്റിക്സിൽ ഓപ്പറേഷൻ ഒളിന്പിയയുടെ ഭാഗമായുള്ള പരിശീലനം ആരംഭിച്ചിട്ടില്ലെന്നും വെബ്സൈറ്റ് പറയുന്നു. എന്നാൽ, യാഥാർഥ്യം ഇതിലും ഭിന്നമാണ്. നിലവിൽ ഓപ്പറേഷൻ ഒളിന്പിയയുമായി ബന്ധപ്പെട്ട ഒരു നടപടികളും സംസ്ഥാനത്ത് ഇല്ലെന്നതാണു സത്യം.
1991ലെ ഓപ്പറേഷൻ ഒളിന്പിയ ഓർമയുണ്ടോ?
1991-ൽ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ ഓപ്പറേഷൻ ഒളിന്പിയ എന്ന പദ്ധതി നടപ്പാക്കിയിരുന്നു. സ്കൂളുകളിൽ പ്രൈമറി തലത്തിലായിരുന്നു ഈ പദ്ധതി. തെരഞ്ഞെടുക്കപ്പെടുന്ന ഒരു സെന്ററിൽ 100 കുട്ടികൾക്കു പരിശീലനം നല്‍കുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഒരു ജില്ലയിൽ ഒരു പഞ്ചായത്ത് എന്ന ക്രമത്തിൽ ആഴ്ചയിൽ അഞ്ചു ദിവസമായിരുന്നു പരിശീലനം.
അഞ്ചു വർഷത്തെ പരിശീലനത്തെത്തുടർന്ന് ഇവരിൽനിന്ന് ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തി 14 ജില്ലാ കേന്ദ്രങ്ങളിൽ നിന്നുമായി 100 കുട്ടികൾക്ക് അത്ലറ്റിക്സ്, വോളിബോൾ, ഫുട്ബോൾ, ബാസ്കറ്റ്ബോൾ, നീന്തൽ എന്നിവയിൽ മികവാർന്ന പരിശീലനം നല്‍കുകയായിരുന്നു പദ്ധതിയിലൂടെ വിഭാവനം ചെയ്തത്. എന്നാൽ ആദ്യത്തെ രണ്ടു വർഷത്തിനു ശേഷം പരിശീലനം നിലച്ചു. അന്നും നോഡൽ ഏജൻസി കേരള സ്പോർട്സ് കൗണ്‍സിൽ. ഇത് പരാമർശിച്ചത് പഴയ ഒരു ഓപ്പറേഷൻ ഒളിന്പിയയെക്കുറിച്ച് ഓർമിപ്പിക്കാൻ.
സന്പൂർണ കായികക്ഷമതാ പദ്ധതിക്കും അകാല ചരമം
കൗമാര കേരളത്തിന്റെ പ്രതിഭകളിലെ കായികക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ ഉദ്ഘാടനം ചെയ്ത സന്പൂർണ കായികക്ഷമതാ പദ്ധതിയും നിലച്ചിട്ട് നാളുകളേറെയായി. കായികമായി പിന്നാക്കം നിൽക്കുന്ന സ്കൂൾ വിദ്യാർഥികളുടെ കായിക പുരോഗതി ലക്ഷ്യമാക്കി 2008 ൽ ആരംഭിച്ച പദ്ധതിയാണു പെരുവഴിയിലായത്. പതിറ്റാണ്ടുകൾക്ക് മുന്‍പ് ആരംഭിച്ച് എങ്ങുമെത്താതെ പോയ പദ്ധതി ഇപ്പോൾ വീണ്ടും പൊടിതട്ടിയെടുത്ത് പുതിയ പേരിൽ അവതരിപ്പിക്കാൻ കേരളാ സ്പോർട്സ് കൗണ്‍സിൽ ശ്രമം തുടങ്ങി. കായികക്ഷമതാ മിഷൻ എന്നപേരിൽ വീണ്ടും പദ്ധതി ആരംഭിക്കുമെന്നു കഴിഞ്ഞ വർഷം സ്പോർട്സ് കൗണ്‍സിൽ പ്രഖ്യാപനം നടത്തിയിരുന്നു.
സംസ്ഥാനത്തെ വിദ്യാഭ്യാസ,ആരോഗ്യ, കായികവകുപ്പുകൾ സംയോജിതമായി തയാറാക്കുന്ന പദ്ധതിയായിരുന്നു ഇത്. പദ്ധതി നടത്തിപ്പ് കായികവകുപ്പിനെയും നോഡൽ ഏജൻസിയായി കേരളാ സ്പോർട്സ് കൗണ്‍സിലിനെയുമായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. പദ്ധതി രണ്ടു ഘട്ടങ്ങളിലായാണു നടത്തേണ്ടിയിരുന്നത്. ഒന്നാം ഘട്ടത്തിൽനിന്നു വിജയിക്കുന്നവരെ ഉൾപ്പെടുത്തി രണ്ടാം ഘട്ടം നടപ്പാക്കുകയും ഇതിൽ വിജയിക്കുന്നവർക്കു കാഷ് പ്രൈസും സർട്ടിഫിക്കറ്റും സംസ്ഥാന സർക്കാർ നല്കി വന്നിരുന്നു.
ആദ്യഘട്ടത്തിൽ ഓരോ സ്കൂളുകളിലെയും വിദ്യാർഥികളെ പ്രത്യേകം കായിക പരീക്ഷകൾ നടത്തി വിവിധ ഗ്രേഡുകൾ നിർണയിക്കുന്നു. ഇതിൽ എ, ബി, സി ഗ്രേഡുകൾ നേടുന്നവരെയാണ് രണ്ടാം ഘട്ടത്തിലേക്കു പ്രവേശിപ്പിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ജില്ലാ തലത്തിലാണു കായികക്ഷമതാ പരിശോധന നടത്തുന്നത് . ഇതിൽ എ ഗ്രേഡ് നേടുന്നവർക്ക് 500 രൂപ വീതം പ്രോത്സാഹന സമ്മാനങ്ങളും നല്‍കുകയും ചെയ്യും. 2008 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ സ്കൂൾ കുട്ടികളിൽ 20 ശതമാനത്തിൽ താഴെ വിദ്യാർഥികൾക്കുമാത്രമാണ് സന്പൂർണ കായികക്ഷമത നേടാൻ കഴിഞ്ഞത്. കേരളത്തിലെ വിദ്യാർഥികളുടെ കായികക്ഷമത ഏറെ പിന്നിലാണെന്നു വ്യക്തമാക്കുന്ന കണക്കുകളായിരുന്നു ഇത്. 2008 നവംബർ ഒന്നിനാണു സന്പൂർണ കായികക്ഷമതാ പദ്ധതി ആരംഭിച്ചത്.
അധ്യയന വർഷത്തിലെ ആദ്യ മൂന്നു മാസത്തിനുള്ളിൽ ഒന്നാം ഘട്ട പ്രവർത്തനങ്ങളും ജനുവരിയോടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളും പൂർത്തീകരിക്കുന്ന തരത്തിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. ആദ്യ വർഷങ്ങളിൽ മികച്ച രീതിയിൽ പദ്ധതി നടപ്പാക്കി. കുട്ടികളുടെ കായികക്ഷമതയിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് വളരെ വ്യക്തമായ ധാരണ ലഭിക്കാൻ ഇത് സഹായകരമായി. ആറായിരത്തോളം വിദ്യാലയങ്ങളിൽനിന്നുള്ള 25 ലക്ഷത്തോളം കുട്ടികളെയാണ് സന്പൂർണ കായികക്ഷമതാ പദ്ധതിയിലൂടെ അവരുടെ കായികക്ഷമത നിർണയിച്ചു പോന്നത്. 2015നു ശേഷം പദ്ധതിയുടെ നടത്തിപ്പ് പൂർണമായും സ്തംഭനാവസ്ഥിലേക്ക് നീങ്ങി. രാഷ്ട്രത്തിന്റെ പുതു തലമുറയുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കി നടപ്പാക്കിയ പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ മൂലം ഇല്ലാതായത്.
(തുടരും)