ആഴ്സണലിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും തോല്‍വി
Thursday, October 5, 2023 1:39 AM IST
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇംഗ്ലീഷ് വന്പന്മാരായ ആഴ്സണലിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും തോല്‍വി. ആഴ്സണല്‍ ഒന്നിനെതിരേ രണ്ടു ഗോളിനു ഫ്രഞ്ച് ക്ലബ്ബായ ലെന്‍സിനോടും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുർക്കിയിൽനിന്നുള്ള ഗലറ്റ്സറെയോടും തോല്‍വി വഴങ്ങി.
14-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസിലൂടെ മുന്നിലെത്തിയശേഷമായിരുന്നു ആഴ്സണലിന്റെ തോല്‍വി. എഡ്രീന്‍ തോമസണ് (25), സെപെ യെലി വാഹി (69) എന്നിവരാണ് ലെന്‍സിന്റെ ഗോള്നേട്ടക്കാര്. ജയത്തോടെ ലെന്‍സ് ഗ്രൂപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. സീസണിലെ ആഴ്സണലിന്റെ ആദ്യ തോല്‍വിയാണിത്.
റാസ്മസ് ഹൊയ്ലണ്ടിന്റെ ഇരട്ട ഗോളുകള്‍ക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ രക്ഷിക്കാനായില്ല. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ തോല്‍വി. മറ്റു മത്സരങ്ങളില്‍ ഇന്റര്‍ മിലാൻ 1-0ന് ബന്ഫിക്കയെയും ബയേൺ മ്യൂണിക്ക് 2-1ന് കോപ്പൻഹേഗനെയും റയൽ മാഡ്രിഡ് 3-2ന് നാപ്പോളിയെയും തോല്‍പ്പിച്ചു. പിഎസ്വി- സെവില്ല മത്സരം 2-2 സമനിലയില്‍ കലാശിച്ചു.