അംഗീകാരത്തിളക്കത്തില് സ്റ്റാർട്ടപ്പ് മിഷൻ
Wednesday, May 17, 2023 10:55 PM IST
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) ലോകത്തെ ഏറ്റവും മികച്ച പബ്ലിക്ക് ബിസിനസ് ഇൻകുബേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ കുറിച്ച് 2021-22 കാലയളവിൽ യുബിഐ ഗ്ലോബൽ നടത്തിയ വേൾഡ് ബെഞ്ച്മാർക്ക് പഠനത്തിലാണ് ഈ അംഗീകാരം.
ബെൽജിയത്തിലെ ഗെന്റിൽ നടന്ന ലോക ഇൻകുബേഷൻ ഉച്ചകോടിയിലാണ് യുബിഐ ഗ്ലോബൽ വേൾഡ് റാങ്കിംഗ് പ്രഖ്യാപിച്ചത്. സംസ്ഥാന ഇലക്ട്രോണിക്സ് ആൻഡ് ഐടി സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, കെഎസ്യുഎം സിഇഒ അനൂപ് അംബിക എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ലോകമെന്പാടുമുള്ള ഇൻകുബേഷൻ സ്ഥാപനങ്ങളിൽനിന്നുള്ള അപേക്ഷകളെ കർശനമായ ഡാറ്റാധിഷ്ഠിത സമീപനത്തിലൂടെയാണ് വിലയിരുത്തിയതെന്നും ഇൻകുബേഷൻ പ്രോഗ്രാമുകൾ, ക്ലയന്റ് സ്റ്റാർട്ടപ്പുകൾക്കും പ്രാദേശിക സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിനുമുള്ള മൂല്യം, ഇൻകുബേറ്റർ എന്ന നിലയിൽ മൊത്തത്തിലുള്ള ആകർഷണം തുടങ്ങിയവയാണ് കെഎസ്യുഎമ്മിനെ ഒന്നാമതെത്തിച്ചതെന്നു യുബിഐ ഗ്ലോബലിലെ റിസർച്ച് മേധാവി ജോഷ്വ സോവ പറഞ്ഞു.
സ്റ്റാർട്ടപ്പുകൾക്കായുള്ള വിവിധ വെർച്വൽ ഇൻകുബേഷൻ പ്രോഗ്രാമുകൾ, എഫ്എഫ്എസ് (ഫെയിൽ ഫാസ്റ്റ് ഓർ സക്സീഡ്) പ്രോഗ്രാം, സ്റ്റാർട്ടപ്പുകൾക്കു നൽകുന്ന ഫിസിക്കൽ ഇൻകുബേഷൻ പിന്തുണ, ചിട്ടയായ ഫണ്ടിംഗ് സംവിധാനം, ആശയവുമായി എത്തുന്ന സംരംഭകന് ഉത്പന്നത്തിന്റെ രൂപരേഖ തയാറാക്കി ഉത്പന്ന നിർമാണത്തിലേക്ക് എത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സൂപ്പർ ഫാബ് ലാബ്, ആശയരൂപീകരണം മുതൽ വിപണി വിപുലീകരണം വരെയുള്ള വിവിധ ഘട്ടങ്ങളിൽ സാന്പത്തിക സഹായം നൽകുന്ന ഗ്രാന്റുകൾ, വിദേശ രാജ്യങ്ങളിൽ നടക്കുന്ന സ്റ്റാർട്ടപ്പ്, ടെക് ഉച്ചകോടികളിൽ സ്റ്റാർട്ടപ്പുകൾക്കുള്ള പങ്കാളിത്തം ഉറപ്പാക്കുക വഴി വിദേശ വിപണികളിലേക്ക് അവസരങ്ങൾ തുറന്നുകൊടുക്കുന്ന കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഫോറിൻ ഡെലിഗേഷൻ പദ്ധതികൾ തുടങ്ങിയവ കണക്കിലെടുത്താണ് കെഎസ്യുഎമ്മിനെ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്.
സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ 2013ൽ സ്ഥാപിതമായ യുബിഐ ഗ്ലോബൽ ഇന്നൊവേഷൻ ഇന്റലിജൻസ് കന്പനിയും ഇന്ററാക്ടീവ് ലേണിംഗ് കമ്യൂണിറ്റിയുമാണ്.2019ൽ യുബിഐ ഗ്ലോബൽ കെഎസ്യുഎമ്മിനെ ലോകത്തെ ഒന്നാം നന്പർ പൊതു ബിസിനസ് ആക്സിലറേറ്ററായി അംഗീകരിച്ചിരുന്നു.