ഫിസോ മോസ്കോയിലെത്തി പുടിനെ കണ്ടു
Tuesday, December 24, 2024 12:32 AM IST
മോസ്കോ: യൂറോപ്യൻ യൂണിയനിലും നാറ്റോയിലും അംഗത്വമുള്ള സ്ലൊവാക്യയുടെ പ്രധാനമന്ത്രി റോബർട്ട് ഫിസോ റഷ്യയിലെത്തി പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തി.
റഷ്യൻ പ്രകൃതിവാതക ലഭ്യതയെക്കുറിച്ചായിരുന്നു ചർച്ചയെന്ന് ഫിസോ പറഞ്ഞു. റഷ്യയിൽനിന്നു യുക്രെയ്ൻവഴി സ്ലൊവാക്യക്കു വാതകം നല്കാനുള്ള കരാർ ഈ വർഷം അവസാനിക്കും.
കരാർ പുതുക്കാൻ താത്പര്യമില്ലെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞിരുന്നു. വാതകം നൽകാൻ സന്നദ്ധമാണെന്ന് പുടിൻ അറിയിച്ചതായി ഫിസോ പറഞ്ഞു. എന്നാൽ യുക്രെയ്ന്റെ എതിർപ്പുമൂലം ഇതു നടപ്പാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.