ആണവനിലയ അഴിമതി; ഹസീനയ്ക്കും കുടുംബത്തിനും എതിരേ അന്വേഷണം
Wednesday, December 25, 2024 4:39 AM IST
ധാക്ക: രൂപ്പുർ ആണവനിലയത്തിന്റെ പേരിൽ 500 കോടി അമേരിക്കൻ ഡോളർ തട്ടിച്ചെന്ന ആരോപണത്തിൽ മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കും കുടുംബത്തിനുമെതിരേ ബംഗ്ലാദേശിലെ അഴിമതിവിരുദ്ധ സമിതി അന്വേഷണം ആരംഭിച്ചു.
റഷ്യയുടെ പൊതുമേഖലാ കോർപറേഷനായ റോസാറ്റം നിർമിക്കുന്ന ആണവനിലയത്തിന്റെ നിർമാണത്തിൽ ഇന്ത്യൻ കമ്പനികളും പങ്കാളികളാണ്. ധാക്കയിൽനിന്ന് 160 കിമീ. പടിഞ്ഞാറ് മാറിയാണ് ബംഗ്ലാദേശിലെ ആദ്യ ആണവനിലയം നിർമിക്കുന്നത്. ഹസീന, മകൻ സജീബ് വാസെദ് ജോയ്, അനന്തരവളും യുകെ മന്ത്രിയുമായ തുലിപ് സിദ്ദിഖ് എന്നിവരാണ് ആരോപണനിഴലിലുള്ളത്.
ഇവർക്കെതിരേ എന്തുകൊണ്ടാണ് അഴിമതിവിരുദ്ധ കമ്മീഷൻ നടപടി എടുക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ആരോപണം റോസാറ്റം കമ്പനി നിഷേധിച്ചിട്ടുണ്ട്.