സിറിയയ്ക്ക് പുതിയ ആഭ്യന്തര, വിദേശകാര്യ മന്ത്രിമാർ
Monday, December 23, 2024 3:28 AM IST
ഡമാസ്കസ്: അസാദ് ഭരണകൂടത്തിനെതിരായ യുദ്ധങ്ങൾക്കു നേതൃത്വം നല്കിയ എച്ച്ടിഎസ് നേതാവ് മർഹഫ് അബു ഖസ്റയെ ആഭ്യന്തരമന്ത്രിയായി സിറിയയിലെ പുതിയ ഭരണകൂടം നിയമിച്ചു.
സിറിയൻ ഭരണാധികാരിയും എച്ച്ടിഎസ് തലവനുമായ അഹമ്മദ് അൽ ഷാര ഉൾപ്പെടുന്ന നേതാക്കളാണു തീരുമാനമെടുത്തത്. അസാദ് ഭരണകൂടത്തിനെതിരേ 14 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തിൽ ഒട്ടേറെ പോരാട്ടങ്ങൾക്ക് മർഹഫ് അബു നേതൃത്വം നല്കിയിട്ടുണ്ട്.
ഡമാസ്കസ് യൂണിവേഴ്സിറ്റിയിൽ പഠിച്ച മുപ്പത്തേഴുകാരനായ അസാദ് ഹസൻ അൽ ഷിബാനിയെ വിദേശകാര്യമന്ത്രിയായും നിയമിച്ചു. എച്ച്ടിഎസ് ഇഡ്ലിബ് പ്രവിശ്യ ഭരിക്കവേ ഇദ്ദേഹം രാഷ്ട്രീയകാര്യ വകുപ്പിനു നേതൃത്വം നല്കിയിരുന്നു.
ഇഡ്ലിബ് സർക്കാരിനെ നയിച്ചിരുന്ന മുഹമ്മദ് അൽ ബഷീർ ആണ് പ്രധാനമന്ത്രി. മൂന്നു മാസത്തേക്കായിരിക്കും താത്കാലിക ഭരണകൂടത്തെ നയിക്കുകയെന്ന് ബഷീർ മുന്പു പറഞ്ഞിട്ടുണ്ട്.