ഗാസ: വെടിനിർത്തൽ ചർച്ചയിൽ പ്രതീക്ഷ
Monday, December 23, 2024 3:28 AM IST
കയ്റോ: ഗാസ വെടിനിർത്തലിനുള്ള ചർച്ചകൾ 90 ശതമാനം പൂർത്തിയായെന്ന് പലസ്തീൻ വൃത്തങ്ങൾ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
കോറിഡോറിലെ ഇസ്രേലി സൈനിക സാന്നിധ്യം, ഗാസയ്ക്കും ഇസ്രയേലിനും ഇടയിൽ സൈനികസാന്നിധ്യത്തോടെ കിലോമീറ്ററുകൾ വീതിയിൽ ബഫർ സോൺ സൃഷ്ടിക്കൽ തുടങ്ങിയ കാര്യങ്ങളിലാണ് അഭിപ്രായവ്യത്യാസം തുടരുന്നത്.
മൂന്നു ഘട്ടങ്ങളായിട്ടാണു വെടിനിർത്തൽ വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ഇസ്രേലി ബന്ദികളെയും പലസ്തീൻ തടവുകാരെയും പരസ്പരം മോചിപ്പിക്കും. ഒരു ഇസ്രേലി സൈനികരെ മോചിപ്പിക്കുന്നതിനു പകരമായി 20 പലസ്തീൻ തടവുകാരെ വിട്ടയയ്ക്കും. ഘട്ടങ്ങളായിട്ടായിരിക്കും ബന്ദിമോചനം. ബന്ദികളിൽ ചിലരെ ഹമാസിനു നഷ്ടമായെന്നു സൂചനയുണ്ട്.
രണ്ടാം ഘട്ടത്തിൽ ഈജിപ്തിന്റെയും ഖത്തറിന്റെയും മേൽനോട്ടത്തിൽ ഗാസ നിവാസികൾക്കു സ്വന്തം പ്രദേശങ്ങളിൽ തിരിച്ചെത്താനാകും. യുദ്ധം അവസാനിച്ചശേഷമുള്ള മൂന്നാം ഘട്ടത്തിൽ പലസ്തീൻ രാഷ്ട്രീയ സംഘടനകളുമായി ബന്ധമില്ലാത്തവർ ഉൾപ്പെടുന്ന സമിതി ഗാസയുടെ ഭരണ മേൽനോട്ടം വഹിക്കും.
ഇതിനിടെ, ഇസ്രേലി സേന ഇന്നലെ ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 21 പേർ കൊല്ലപ്പെട്ടു. ഗാസയിലെ മൊത്തം മരണസംഖ്യ 45,227 ആയി. 1,07,573 പേർക്കു പരിക്കേറ്റു.