അമേരിക്ക സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ടു
Monday, December 23, 2024 3:28 AM IST
ദോഹ: ചെങ്കടലിൽ അമേരിക്കൻ സേന സ്വന്തം യുദ്ധവിമാനം അബദ്ധത്തിൽ വെടിവച്ചിട്ടു. യുഎസ് നാവികസേനയുടെ ഭാഗമായ എഫ്-18 യുദ്ധവിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും പാരഷൂട്ടിന്റെ സഹായത്തോടെ രക്ഷപ്പെട്ടു. ഒരാൾക്കു നിസാര പരിക്കുണ്ട്.
യുഎസ് യുദ്ധവിമാനങ്ങളും കപ്പലുകളും യെമനിലെ ഹൂതി വിമത കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു സംഭവം. യുഎസ്എസ് ഹാരി എസ് ട്രൂമാൻ എന്ന വിമാനവാഹിനി കപ്പലിൽനിന്നു പറന്നുയർന്ന എഫ്-18 വിമാനത്തെ യുഎസ്എസ് ഗെറ്റിസ്ബെർഗ് എന്ന മറ്റൊരു അമേരിക്കൻ യുദ്ധക്കപ്പൽ വെടിവച്ചിടുകയായിരുന്നു. വെടിവച്ചിട്ട യുദ്ധവിമാനം യെമൻ ആക്രമണത്തിൽ പങ്കെടുത്തിരുന്നുവോ എന്നറിയില്ല.