ആക്ടിംഗ് പ്രസിഡന്റിനെയും ഇംപീച്ച് ചെയ്യുമെന്ന് ദക്ഷിണകൊറിയൻ പ്രതിപക്ഷം
Tuesday, December 24, 2024 12:32 AM IST
സീയൂൾ: പട്ടാളനിയമം പ്രഖ്യാപിച്ച പ്രസിഡന്റ് യൂൺ സുക് യോളിനെതിരേ പ്രത്യേക അന്വേഷണത്തിന് അനുമതി നല്കിയില്ലെങ്കിൽ ആക്ടിംഗ് പ്രസിഡന്റ് ഹാൻ ഡുക് സൂവിനെയും ഇംപീച്ച് ചെയ്യുമെന്നു ദക്ഷിണകൊറിയയിലെ പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടി ഭീഷണി മുഴക്കി.
പാർലമെന്റിൽ ഭൂരിപക്ഷം ഈ മാസം 14ന് യൂണിനെ ഇംപീച്ച് ചെയ്തതിനെത്തുടർന്നാണ് പ്രധാനമന്ത്രിയായ ഹാനിന് ആക്ടിംഗ് പ്രസിഡന്റ് ചുമതല ലഭിച്ചത്.
യൂണിനെതിരായ അന്വേഷണത്തിന് സ്പെഷൽ കോൺസലിനെ നിയമിക്കാൻ നിർദേശിക്കുന്ന ബിൽ പ്രതിപക്ഷം പാർലമെന്റിൽ പാസാക്കിയിരുന്നു. എന്നാൽ, ആക്ടിംഗ് പ്രസിഡന്റ് ബിൽ അംഗീകരിക്കാൻ കൂട്ടാക്കുന്നില്ലെന്നു പ്രതിപക്ഷം ആരോപിച്ചു.