ജർമനിയിൽ ക്രിസ്മസ് ചന്തയിലേക്ക് കാർ ഓടിച്ചുകയറ്റി; അഞ്ചു പേർ കൊല്ലപ്പെട്ടു
Sunday, December 22, 2024 2:06 AM IST
ബെർലിൻ: കിഴക്കൻ ജർമനിയിലെ മാഗ്ദെബർഗ് നഗരത്തിൽ ക്രിസ്മസ് ചന്തയിലേക്ക് കാർ ഓടിച്ചുകയറ്റിയ ആക്രമണത്തിൽ ഒരു കുട്ടിയടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുനൂറിലധികം പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരിൽ 41 പേരുടെ നില അതീവഗുരുതരമാണ്. അതിനാൽത്തന്നെ മരണസംഖ്യ ഉയർന്നേക്കും. കാർ ഓടിച്ച സൗദി പൗരനായ ഡോക്ടറെ അറസ്റ്റ് ചെയ്തു. താലെബ് ജവാദ് അൽ അബ്ദുൾമൊഹ്സൻ (50) എന്ന സൈക്യാട്രിസ്റ്റാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിന്റെ പ്രേരണ വ്യക്തമല്ല. ഇയാൾക്ക് കൂട്ടാളികളില്ലെന്ന് പോലീസ് പറഞ്ഞു. അന്വേഷണസംഘം ഇയാളുടെ വസതി റെയ്ഡ് ചെയ്തു. ഇസ്ലാം വിമർശകനാണ് ഇയാളെന്നാണ് സൂചന. വെള്ളിയാഴ്ച വൈകുന്നേരം ജനക്കൂട്ടം തിങ്ങിനിറഞ്ഞ ചന്തയിലേക്ക് അമിതവേഗതയിൽ കാർ ഓടിച്ചുകയറ്റുകയായിരുന്നു. വാടകയ്ക്കെടുത്ത കാറാണിത്.
2006ലാണ് പ്രതി ജർമനിയിലെത്തിയത്. ഇയാൾക്കു തീവ്രവാദ ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ല. അതേസമയം ഓൺലൈനിലും സമൂഹമാധ്യമങ്ങളിലും ഇസ്ലാമിനെ വിമർശിക്കുന്ന പോസ്റ്റുകൾ നടത്തിയിരുന്നു. ഗൾഫ് ഭരണകൂടങ്ങളുടെ പീഡനങ്ങളിൽനിന്നു രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന ഒരു വെബ്സൈറ്റും ഇയാൾ നടത്തിയിരുന്നു.
ജർമനിയിലെ തീവ്ര വലതുപക്ഷ ആൾട്ടർനേറ്റീവ് ഫോർ ജർമനി (എഎഫ്ഡി) പാർട്ടിയോട് പ്രതി ആഭിമുഖ്യം കാട്ടിയിരുന്നതായി റിപ്പോർട്ടുണ്ട്. സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്ന സന്ദേശങ്ങൾ എക്സിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തിയതിനെത്തുടർന്ന് ഇയാളെക്കുറിച്ച് സൗദി അധികൃതർ ജർമനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പറയുന്നു.
സംഭവസ്ഥലം ഇന്നലെ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് സന്ദർശിച്ചു. രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും വിദ്വേഷം രാജ്യത്തെ ഭിന്നിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇരകൾക്കായി മാഗ്ദെബർഗ് കത്തീഡ്രലിൽ ഇന്നലെ അനുസ്മരണ ശുശ്രൂഷ നടന്നു.
ജർമനി അഭയം നിഷേധിച്ച ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയായ അനീസ് അമ്രി എന്ന ടുണീഷ്യൻ പൗരൻ 2016ൽ ബെർലിനിലെ ക്രിസ്മസ് ചന്തയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി 12 പേരെ കൊലപ്പെടുത്തിയിരുന്നു. സംഭവത്തിൽ 49 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
മാഗ്ദെബർഗ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിലെങ്ങും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ക്രിസ്മസ് ചന്തകൾ സുരക്ഷാസേനകളുടെ നിരീക്ഷണവലയത്തിലാണ്.