അവിശ്വാസനീക്കവുമായി സഖ്യകക്ഷി; ട്രൂഡോ സർക്കാർ വീണേക്കും
Saturday, December 21, 2024 10:57 PM IST
ഒട്ടാവ: കാനഡയിൽ ജസ്റ്റിൻ ട്രൂഡോ സർക്കാർ വീഴാൻ സാധ്യതയെന്ന് റിപ്പോർട്ട്. ട്രൂഡോ സർക്കാരിനെ പിന്തുണയ്ക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് ജഗ്മീത് സിംഗ് ജനുവരി 27ന് പാർലമെന്റ് ചേരുന്പോൾ അവിശ്വാസപ്രമേയം അവതരിപ്പിച്ചേക്കും. പ്രതിപക്ഷ പാർട്ടികളെല്ലാം പിന്തുണച്ചാൽ അവിശ്വാസം പാസാകും.
ഒന്പതു വർഷത്തിലധികമായി പ്രധാനമന്ത്രിപദം വഹിക്കുന്ന ട്രൂഡോ കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതായാണ് റിപ്പോർട്ട്.
വിലക്കയറ്റം അടക്കമുള്ള കാര്യങ്ങളാൽ ജനം സർക്കാരിൽ തൃപ്തരല്ല. അവിശ്വാസത്തിനു പിന്നാലെ തെരഞ്ഞെടുപ്പുണ്ടായാൽ ട്രൂഡോയുടെ ലിബറൽ പാർട്ടി വൻ പരാജയം രുചിക്കാനാണ് സാധ്യത.
നിലവിൽ ജഗ്മീത് സിംഗിന്റെ പിന്തുണയാണ് ട്രൂഡോ സർക്കാരിനെ നിലനിർത്തുന്നത്. അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷസഖ്യത്തിനു നേതൃത്വം നല്കുന്ന ബ്ലോക് ക്യുബെകോയിസ് പാർട്ടി അറിയിച്ചിട്ടുണ്ട്.
പാർലമെന്റ് നേരത്തേ വിളിച്ചു ചേർക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും. എന്നാൽ ഗവർണർ ജനറൽ ഇക്കാര്യം അനുവദിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.
തെരഞ്ഞെടുപ്പുണ്ടായാൽ ട്രൂഡോ മാത്രമല്ല, പാലം വലിക്കുന്ന ജഗ്മീത് സിംഗിന്റെ പാർട്ടിയും പരാജയം ഏറ്റുവാങ്ങുമെന്നാണു സൂചന.