ചൈനയിൽ സ്കൂൾ കുട്ടികൾക്കിടയിലേക്കു കാർ ഓടിച്ചുകയറ്റിയതിനു വധശിക്ഷ
Tuesday, December 24, 2024 12:32 AM IST
ബെയ്ജിംഗ്: ചൈനയിൽ പ്രൈമറി സ്കൂൾ കുട്ടികൾക്കിടയിലേക്കു കാർ ഓടിച്ചുകയറ്റിയ അക്രമിക്കു വധശിക്ഷ. നവംബറിൽ സെൻട്രൽ ചൈനയിലെ ഹുനാൻ പ്രവിശ്യയിലുണ്ടായ സംഭവത്തിൽ പിടിയിലായ ഹുവാൻ വെംഗ് ആണു ശിക്ഷിക്കപ്പെട്ടത്. വധശിക്ഷ നടപ്പാക്കുന്നതു രണ്ടു വർഷത്തേക്കു മരവിപ്പിച്ചിട്ടുണ്ട്.
സ്കൂളിനു മുന്നിൽ കൂടിനിന്നിരുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും നേർക്കാണു കാർ ഓടിച്ചുകയറ്റിയത്. 18 കുട്ടികളടക്കം 30 പേർക്കു പരിക്കേറ്റു. വീണ്ടും വീണ്ടും കാർ ഓടിച്ചുകയറ്റുകയായിരുന്നു. കാർ കേടായപ്പോഴാണ് ആക്രമണം നിർത്തിയത്.
കുടുംബപ്രശ്നങ്ങളും സാന്പത്തികത്തകർച്ചയുമാണു പ്രതിയെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് കോടതി കണ്ടെത്തി.
ചൈനീസ് നിയമപ്രകാരം രണ്ടു വർഷത്തിനുശേഷം വധശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്യാവുന്നതാണ്. പ്രതിക്കു ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്നു സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയർന്നു.