ജോയ്സി ജോണിന് ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ ബഹുമതി
Tuesday, June 27, 2023 1:39 AM IST
ലണ്ടന്‍: ബ്രിട്ടണിലെ ആദരണീയ ബഹുമതിയായ ദ മോസ്റ്റ് എക്സലെന്റ് ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംപയര്‍ ബഹുമതിക്ക് തൃശൂര്‍ മാള സ്വദേശിനി ജോയ്സി ജോണിനെ തെരഞ്ഞെടുത്തു. ചാള്‍സ് രാജാവിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ ചാന്‍സറി ഓഫ് ദ ഓര്‍ഡര്‍ ഓഫ് കിംഗ്ഹൂഡ് ആണ് ബഹുമതിക്ക് ജോയ്സിയെ തിരഞ്ഞെടുത്തത്.
വിദ്യാഭ്യാസ, സാങ്കേതികവിദ്യ മേഖലയില്‍ കഴിവുതെളിയിച്ച ജോയ്സിക്ക് ടെക്നോളജി മേഖലയിലെ സേവനത്തിനാണ് പുരസ്കാരം. 44കാരിയായ ജോയ്സി കുടുംബ സമേതം ലണ്ടനിലാണ് താമസം.
മികച്ച സംരംഭകയെന്ന് പേരെടുത്ത ജോയ്സി, എഡ്ടെക് അഡ്വവൈസറും മികച്ച വാഗ്മിയുമാണ്. ലണ്ടന്‍ ട്രിനിറ്റി കോളജിലെ മുന്‍ സ്ട്രാറ്റജി ആൻഡ് ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് വിഭാഗം ഡയറക്ടറുമായിരുന്നു.
സിംഗപ്പൂരിലെ നന്യംഗ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ എന്‍ജീനിയറിംഗ് (ഓണേഴ്സ്), ലണ്ടന്‍ ബിസിനസ് സ്കൂളില്‍ നിന്ന് ഡിസ്റ്റിംഗഷനോടെ എംബിഎ എന്നിവ കരസ്ഥമാക്കിയ ജോയ്സി, ദ റോയല്‍ സൊസൈറ്റി എഡ്യുക്കേഷന്‍ കമ്മിറ്റി, അഡ്വവൈസറി കൗണ്‍സില്‍ ഓഫ് ഫൗണ്ടേഷന് ഫോര്‍ എഡ്യുക്കേഷന്‍ ഡവലപ്മെന്റ് , ഗ്ലോബല്‍ അഡ്വവൈസറി കമ്മിറ്റി ഓഫ് ഇന്സ്ട്രിന്സിക് ലാബ്, യു.കെയിലെ സ്റ്റാര്‍ട്ടപ് ലീഡര്ഷിപ് പ്രോഗ്രാമുകളുടെ സ്ഥാപക എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
മാള വടമ ജംഗ്ഷനില്‍ ചൊരികാവുങ്കല് ജോണ്‍ ചാക്കോയുടെയും റോസി ജോണിന്റെയും മകളും ഇന്‍വേനിയോ കണ്‍സള്‍ട്ടിംഗ് ഡയറക്ടര്‍ ചമ്പക്കുളം കണ്ണാട്ട്മഠം ടോണി തോമസിന്റെ ഭാര്യയുമാണ്. അമേലിയ, എലനോര്‍ എന്നിവരാണ് മക്കള്‍.