യുദ്ധങ്ങളും സംഘർഷങ്ങളും തെക്കൻ രാജ്യങ്ങളെ ബാധിച്ചെന്നു മോദി
Tuesday, November 19, 2024 1:06 AM IST
റിയോ ഡി ഷനേറോ: ആഗോളതലത്തിലുള്ള യുദ്ധങ്ങളും സംഘർഷങ്ങളും മൂലമുണ്ടായ ഭക്ഷ്യ, ഇന്ധന, വളം പ്രതിസന്ധി ആഗോളതലത്തിൽ തെക്കൻരാജ്യങ്ങളെ ബാധിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബ്രസീലിലെ റിയോ ഡി ഷനേറോയിൽ ജി-20 ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. തെക്കൻ രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളി ജി 20 പരിഗണിക്കണെന്നു മോദി ആവശ്യപ്പെട്ടു.
ഇന്ത്യയിൽ നടന്ന ജി-20 ഉച്ചകോടിയിലെ ചിന്താവിഷയമായ ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നത് ഈ ഉച്ചകോടിയിലും പ്രസക്തമാണെന്നു മോദി പറഞ്ഞു.
കഴിഞ്ഞ പത്തു വർഷത്തിനിടെ ഇന്ത്യയിൽ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നു മോചിപ്പിച്ചെന്നും രാജ്യത്തെ 80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നല്കിയെന്നും മോദി കൂട്ടിച്ചേർത്തു.
റിയോ ഡി ഷനേറോയിലെ മോഡേൺ ആർട്ട് മ്യൂസിയത്തിൽ നടക്കുന്ന ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.