സ്വിറ്റ്സർലൻഡിലെ ആശ്രമ കപ്പേളയിൽ അതിക്രമം
Tuesday, November 19, 2024 1:06 AM IST
സൂറിക്ക്: സ്വിറ്റ്സർലാൻഡിലെ ഏറ്റവും വലിയ കത്തോലിക്കാ തീർഥാടനകേന്ദ്രമായ ഐൻസീഡൽൻ ആശ്രമത്തിലെ പള്ളിയിൽ അതിക്രമം.
കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. പള്ളിയിലെ മദ്ബഹായിൽ 14-ാം നൂറ്റാണ്ട് മുതൽ വണങ്ങിപ്പോരുന്ന ‘കറുത്ത മാതാവിന്റെ’ തിരുസ്വരൂപത്തിൽ അക്രമി അടിക്കുകയും മേലങ്കി എടുത്തുമാറ്റുകയും ശിരസിലിരുന്ന കിരീടം സ്വന്തം തലയിൽ വയ്ക്കുകയും ചെയ്തു.
തിരുസ്വരൂപത്തിന് ലഘുവായ കേടുപാടുകൾ പറ്റിയതായി അധികാരികൾ അറിയിച്ചു. പള്ളിയിലുണ്ടായിരുന്ന വിശ്വാസികൾ അക്രമം കണ്ടു സ്തബ്ധരാകുകയും ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്തു.
പോലീസിന്റെ പിടിയിലായ അക്രമി 17 വയസുള്ള ഒരു അഭയാർഥിയാണെന്നും ‘മാനസികസ്ഥിരത’ ഇല്ലാത്തയാളാണെന്നും പോലീസ് അറിയിച്ചു. മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എട്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായ ബെനഡിക്ടൈൻ ആശ്രമമായ ഐൻസീഡൽൻ പ്രതിവർഷം എട്ടു ലക്ഷത്തിലേറെ തീർഥാടകർ എത്തുന്ന സ്ഥലമാണ്.
സ്വിറ്റ്സർലാൻഡിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സാംസ്കാരിക സ്ഥാപനവുമായ ആശ്രമത്തിലെ ഗ്രന്ഥശാല എഡി 934ൽ സ്ഥാപിച്ചതാണ്. രണ്ടര ലക്ഷത്തോളം പുസ്തകങ്ങൾ ഇവിടെയുണ്ട്.