ഇലോൺ മസ്കും ഇറാന്റെ യുഎൻ അംബാസഡറും കൂടിക്കാഴ്ച നടത്തി
Saturday, November 16, 2024 11:44 PM IST
ന്യൂയോർക്ക്: അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാബിനറ്റിൽ ഉന്നതപദവിയിൽ നിയമിക്കപ്പെട്ട ശതകോടീശ്വരൻ ഇലോൺ മസ്ക് ഇറാന്റെ യുഎൻ അംബാസഡർ അമീർ സയ്യിദ് ഇറവാനിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്.
മസ്കിന്റെ നിയമനം ട്രംപ് പ്രഖ്യാപിക്കുന്നതിനു തലേന്ന് ന്യൂയോർക്കിലെ ഇറവാനിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണ് ഇരുവരും ചർച്ച നടത്തിയത്. നിലവിൽ ഇറാനും അമേരിക്കയും തമ്മിൽ നയതന്ത്രബന്ധമില്ല.
മസ്ക്കാണ് കൂടിക്കാഴ്ച ആവശ്യപ്പെട്ടത്. കുടികാഴ്ച സംബന്ധിച്ച് ശുഭവാർത്തയെന്ന് ഇറേനിയൻ അധികൃതർ പ്രതികരിച്ചതായും പറയുന്നു.
ട്രംപിനോ അദ്ദേഹത്തിന്റെ നിയുക്ത കാബിനറ്റംഗങ്ങൾക്കോ കൂടിക്കാഴ്ചയെപ്പറ്റി മുന്നറിവ് ഉണ്ടായിരുന്നോ എന്നതിൽ വ്യക്തതയില്ല. സ്വകാര്യ കൂടിക്കാഴ്ചകളിൽ പ്രതികരിക്കാനില്ലെന്നാണ് ട്രംപിന്റെ വക്താവ് പ്രതികരിച്ചത്. ട്രംപ് നിയമിച്ച നിയുക്ത ദേശീയസുരക്ഷാ ഉപദേഷ്ടാവും സ്റ്റേറ്റ് സെക്രട്ടറിയും കടുത്ത ഇറേനിയൻ വിരുദ്ധരാണ്.
ഇസ്രേലി നേതൃത്വവുമായി നല്ല ബന്ധമുള്ള ട്രംപ് ഒന്നാം ഭരണകാലത്ത് ഇറാനുമായുള്ള ആണവക്കരാറിൽനിന്ന് പിന്മാറുകയും ഇറാനെതിരേ ഉപരോധങ്ങൾ ചുമത്തുകയും ചെയ്തിരുന്നു. ട്രംപിന്റെ ഉത്തരവു പ്രകാരം അമേരിക്കൻ സേന ഇറേനിയൻ ജനറൽ ഖാസെം സുലൈമാനിയെ വധിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി.
ട്രംപിനെ വധിക്കാൻ ഇറാൻ ശ്രമിക്കുന്നതായി അമേരിക്കൻ അന്വേഷണ ഏജൻസികൾ ആരോപിക്കുന്നു.