മസ്കിനെ അധിക്ഷേപിച്ച് ബ്രസീലിയൻ പ്രഥമ വനിത
Monday, November 18, 2024 2:25 AM IST
ബ്രസീലിയ: ബ്രീസിലി യൻ പ്രസിഡന്റ് ലുലാ ഡാ സിൽവയുടെ പത്നി ഷാൻഷ, ലോകത്തിലെ ഏറ്റവും വലിയ സന്പന്നനും നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാബിനറ്റ് അംഗവുമായ ഇലോൺ മസ്കിനെതിരേ അസഭ്യവാക്കുകൾ ഉതിർത്തു. ബ്രസീലിൽ ജി-20 ഉച്ചകോടിക്കു മുന്നോടിയായി ശനിയാഴ്ച നടന്ന പരിപാടിയിലായിരുന്നു സംഭവം.
വ്യാജപ്രചാരണം തടയുന്നതിനു സോഷ്യൽ മീഡിയകളെ നിയന്ത്രിക്കേണ്ടതിനെക്കുറിച്ചാണു ഷാൻഷ സംസാരിച്ചത്. ഇതിനിടെ സദസിൽനിന്ന് ഉച്ചത്തിൽ ഹോണടി ശബ്ദമുണ്ടായി. അത് ഇലോൺ മസ്ക് ആയിരിക്കാമെന്നും എനിക്ക് നിങ്ങളെ പേടിയില്ലെന്നും പറഞ്ഞ ഷാൻഷ ഒരു അശ്ലീലവാക്കും കൂട്ടിച്ചേർത്തു.
ഇതുസംബന്ധിച്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയ്ക്കു താഴെ പൊട്ടിച്ചിരിക്കുന്ന ഇമോജി പോസ്റ്റ് ചെയ്താണ് മസ്ക് പ്രതികരിച്ചത്. അടുത്ത വർഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബ്രസീലിയൻ പ്രസിഡന്റ് ലുല തോൽക്കുമെന്നും മറ്റൊരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയുമായുള്ള ഉടക്കിനെത്തുടർന്ന് മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ബ്രസീലിൽ ഒരു മാസത്തെ വിലക്ക് നേരിട്ടിരുന്നു.