അമേരിക്കയിലേക്കു പഠിക്കാൻ പറന്ന് ഇന്ത്യക്കാർ
Tuesday, November 19, 2024 1:06 AM IST
ന്യൂഡൽഹി: ഏറ്റവും അധികം വിദ്യാർഥികളെ അമേരിക്കയിലേക്കു പഠിക്കാനയയ്ക്കുന്ന രാജ്യമായി ഇന്ത്യ. 15 വർഷത്തിനിടെ ഒരു അധ്യയനവർഷം ഏറ്റവും കൂടുതൽ വിദ്യാർഥികളെ അയയ്ക്കുന്ന രാജ്യമായാണ് ഇന്ത്യമാറിയത്.
ഇക്കൊല്ലം 3.3 ലക്ഷം വിദ്യാർഥികളാണ് പഠനത്തിനായി ഇന്ത്യയിൽനിന്ന് അമേരിക്കയിലെത്തിയത്. 2024 ഓപ്പൺ ഡോർസ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
അയൽരാജ്യമായ ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 2023-2024 അധ്യയനവർഷത്തിൽ 3,31,602 ഇന്ത്യൻ വിദ്യാർഥികളാണ് അമേരിക്കയിലുള്ളത്. എക്കാലത്തെയും ഏറ്റവും ഉയർന്ന നിരക്കാണിത്.
കഴിഞ്ഞ അധ്യയനവർഷത്തേക്കാൾ 23 ശതമാനം വർധനയാണ് ഉണ്ടായത്. അമേരിക്കയിൽ ആകെയുള്ള രാജ്യാന്തര വിദ്യാർഥികളിൽ 29 ശതമാനവും ഇന്ത്യക്കാരാണ്.
ഇന്ത്യയെ കൂടാതെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ അമേരിക്കയിലേക്ക് അയച്ച രാജ്യങ്ങളിൽ ചൈന (2,77,398), ദക്ഷിണ കൊറിയ (43,149), കാനഡ (28,998), തായ്വാൻ ( 23,157) എന്നിവയാണ് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലുള്ളത്. സാധാരണയായി, യുഎസിലെ അധ്യയന വർഷം സെപ്റ്റംബറിൽ ആരംഭിച്ച് മേയ് മാസം വരെയാണ്.
ഉന്നതവിദ്യാഭ്യാസത്തിനായി (ബിരുദം, ഗവേഷണം) ഏറ്റവും കൂടുതൽ ആളുകളെ അയയ്ക്കുന്ന രാജ്യമെന്ന റിക്കാർഡ് ഇന്ത്യ നിലനിർത്തുകയും ചെയ്തു. ഈ ഗണത്തിലുള്ള വിദ്യാർഥികളുടെ എണ്ണവും 19 ശതമാനം വർധിച്ചു. 1,96,567 ഇന്ത്യക്കാരാണ് അമേരിക്കയിൽ ഉന്നതവിദ്യാഭ്യാസം നടത്തുന്നത്.