ഡബ്ല്യുഡബ്ല്യുഇ സ്ഥാപക ലിൻഡ മക്മാഹൻ അമേരിക്കൻ വിദ്യാഭ്യാസ വകുപ്പിന്റെ മേധാവി
Thursday, November 21, 2024 1:14 AM IST
വാഷിംഗ്ടൺ ഡിസി: ഗുസ്തി സംഘടനയായ വേൾഡ് റെസ്ലിംഗ് എന്റർടെയ്ൻമെന്റ് (ഡബ്ല്യുഡബ്ല്യുഇ) സഹസ്ഥാപക ലിൻഡ മക്മാഹനെ അമേരിക്കയുടെ വിദ്യാഭ്യാസ സെക്രട്ടറിയാക്കാൻ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചു.
വിദ്യാഭ്യാസ, ബിസിനസ് മേഖലകളിൽ ലിൻഡയ്ക്കുള്ള ദീർഘകാല അനുഭവസന്പത്ത് അമേരിക്കയുടെ അടുത്ത തലമുറയെ ശക്തിപ്പെടുത്താൻ ഉപകരിക്കുമെന്നു ട്രംപ് പറഞ്ഞു.
ട്രംപുമായി അടുത്ത ബന്ധമുള്ള ലിൻഡ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു വലിയ സാന്പത്തിക സംഭാവനകൾ നല്കിയിട്ടുണ്ട്. അതേസമയം, ഈസ്റ്റ് കരോളൈന യൂണിവേഴ്സിറ്റിയിൽനിന്നു ഫ്രഞ്ചിൽ നേടിയ ബിരുദം മാത്രമാണ് ഇവരുടെ വിദ്യാഭ്യാസ യോഗ്യത.
എന്നിരുന്നാലും 2009 മുതൽ 2010 വരെ കണക്റ്റിക്കട്ട് സംസ്ഥാനത്തെ വിദ്യാഭ്യാസ ബോർഡിൽ അംഗമായിരുന്നു. ഭർത്താവ് വിൻസ് മക്മാഹനുമൊത്ത് എൺപതുകളിലാണ് ഡബ്ല്യുഡബ്ല്യുഇ സ്ഥാപിച്ചത്. നിലവിൽ ട്രംപിനെ പിന്തുണയ്ക്കുന്ന ‘അമേരിക്ക ഫസ്റ്റ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ’ ബോർഡ് മേധാവിയാണ്.