യുക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണം
Monday, November 18, 2024 2:25 AM IST
കീവ്: യുക്രെയ്നിലെ വൈദ്യുതിവിതരണ സംവിധാനങ്ങളെ ലക്ഷ്യമിട്ട് റഷ്യ വൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തി. യുക്രെയ്ന്റെ എല്ലാ മേഖലകളിലും ആക്രമണമുണ്ടായി. വൈദ്യുതിവിതരണ സംവിധാനങ്ങൾക്കു വലിയ നാശമുണ്ടായതിനു പുറമേ ഏഴു പേർ കൊല്ലപ്പെടുകയും ചെയ്തു. പല ഭാഗങ്ങളും ഇരുട്ടിലായി.
120 മിസൈലുകളും 90 ഡ്രോണുകളും റഷ്യ പ്രയോഗിച്ചതായി യുക്രെയ്ൻ അറിയിച്ചു. പടിഞ്ഞാറ് ലുവീവിലും തെക്കുകിഴക്ക് സാപ്പോറിഷ്യയിലും തെക്ക് മൈക്കോളേവിലും വൈദ്യുതി ഇല്ലാതായി. തലസ്ഥാനമായ കീവിൽ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ട മിസൈലിന്റെ അവശിഷ്ടം പതിച്ച് ഒരു കെട്ടിടത്തിനു തീ പിടിച്ചു.
ക്രൂസ്, ബാലിസ്റ്റിക് വിഭാഗങ്ങളിൽപ്പെട്ട മിസൈലുകൾ റഷ്യ പ്രയോഗിച്ചുവെന്നാണു റിപ്പോർട്ട്. യുക്രെയ്ന്റെ അയൽരാജ്യമായ പോളണ്ട് പ്രതിരോധനടപടികളുടെ ഭാഗമായി യുദ്ധവിമാനങ്ങളെ വിന്യസിച്ചു. മുന്‍പത്തെ റഷ്യൻ ആക്രമണങ്ങളിൽ മിസൈലുകൾ പോളിഷ് അതിർത്തിയിൽ പ്രവേശിച്ചിട്ടുണ്ട്.
മൂന്നു മാസത്തിനു ശേഷമാണു റഷ്യ ഇത്ര വിപുലമായ ആക്രമണം നടത്തുന്നത്. ശൈത്യകാലം ആസന്നമായതോടെ റഷ്യ യുക്രെയ്ന്റെ വൈദ്യുതിവിതരണ ശൃംഖല ലക്ഷ്യമിടുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു.