ഡെന്മാർക്കിൽനിന്നുള്ള വിക്ടോറിയ മിസ് യൂണിവേഴ്സ്
Monday, November 18, 2024 2:25 AM IST
മെക്സിക്കോ: ഡെന്മാർക്കിൽനിന്നുള്ള വിക്ടോറിയ ക്ജെർ തെയിൽവിഗിനു മിസ് യൂണിവേഴ്സ് സൗന്ദര്യ കിരീടം. മെക്സിക്കോ സിറ്റിയിലെ അരീന സിഡിഎംഎക്സില്‍ നടന്ന 73-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ നൈജീരിയയിൽനിന്നുള്ള ചിഡിമ്മ അഡെറ്റ്ഷിന ഒന്നാം റണ്ണർ അപ്പും മെക്സിക്കോയിൽനിന്നുള്ള മരിയ ഫെർണാണ്ട ബെൽട്രാൻ രണ്ടാം റണ്ണർ അപ്പും തായ്ലൻഡിൽനിന്നുള്ള സുചത ചുങ്ശ്രീ മൂന്നാം റണ്ണർ അപ്പും വെനസ്വേലയിൽനിന്നുള്ള ഇലിയാന മാർക്വേസ് നാലാം റണ്ണർ അപ്പുമായി. ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത റിയ സിൻഹയ്ക്ക് ആദ്യ 12ൽ എത്താനായില്ല.
ഏറ്റവും കൂടുതൽ എൻട്രികൾ ലഭിച്ച മത്സരമായിരുന്നു 73-ാമത് മിസ് യൂണിവേഴ്സ് മത്സരം. 125 എൻട്രികളാണു ലഭിച്ചത്.
ഡെന്മാര്ക്കില്നിന്ന് മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കുന്ന ആദ്യ വ്യക്തിയാണ് 21കാരിയായ വിക്ടോറിയ. ബാര്‍ബി ഡോളുമായുള്ള സാദൃശ്യം കാരണം ‘മനുഷ്യ ബാര്‍ബി’ അഥവാ ഹ്യൂമന്‍ ബാര്‍ബി എന്ന വിളിപ്പേരുള്ള വിക്ടോറിയയെ വിജയകിരീടമണിയിച്ചത് ഫൈനല്‍ റൗണ്ടില്‍ അവസാനം നല്കിയ മറുപടിയാണ്.
പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും ശക്തമായ സന്ദേശമായി മാറിയ വിക്ടോറിയയുടെ മറുപടി നിറഞ്ഞ കൈയടികളോടെയാണു സദസ് ഏറ്റെടുത്തത്. “ഇതു കാണുന്ന ലോകമെമ്പാടുമുള്ളവര്‍ക്കായി എനിക്കു നല്‍കാനുള്ള സന്ദേശം ഇതാണ്, നിങ്ങള്‍ എവിടെനിന്നുള്ളവരാണ് എന്നതോ നിങ്ങളുടെ ഭൂതകാലം എന്താണ് എന്നതോ ഒന്നും പ്രശ്നമല്ല. അതിനെയെല്ലാം നിങ്ങള്‍ക്ക് നിങ്ങളുടെ കരുത്താക്കി മാറ്റാം. നിങ്ങള്‍ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കുക.
മാറ്റം വേണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് ഇന്ന് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. എനിക്ക് ചരിത്രം സൃഷ്ടിക്കണം. ഇന്നത്തെ രാത്രിയില്‍ ഞാന്‍ ചെയ്യുന്നത് അതാണ്. അതിനാല്‍ ഒരിക്കലും തളരരുത്. നിങ്ങളിലും നിങ്ങളുടെ സ്വപ്നങ്ങളിലും വിശ്വസിക്കുക’’- വിക്ടോറിയ പറഞ്ഞുനിര്‍ത്തി.