കാർലോ അക്കുത്തിസ് വിശുദ്ധപദവിയിലേക്ക്
Thursday, November 21, 2024 1:14 AM IST
വത്തിക്കാൻ സിറ്റി: കംപ്യൂട്ടർ വൈദഗ്ധ്യം വിശ്വാസപ്രഘോഷണത്തിന് ഉപയോഗിച്ച ഇറ്റാലിയൻ ബാലൻ കാർലോ അക്കുത്തിസിനെ (15) വിശുദ്ധനായി പ്രഖ്യാപിക്കാൻ ഫ്രാൻസിസ് മാർപാപ്പ തീരുമാനിച്ചു. അടുത്തവർഷം ഏപ്രിൽ 25നും 27നും ഇടയിലായിരിക്കും നാമകരണച്ചടങ്ങുകളെന്ന് ഫ്രാൻസിസ് മാർപാപ്പ ഇന്നലെ പ്രതിവാര പൊതുദർശന പരിപാടിക്കിടെ അറിയിച്ചു.
പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ 24-ാം വയസിൽ പോളിയോ ബാധിച്ചു മരിച്ച ഇറ്റാലിയൻ യുവാവ് പിയർജോർജോ ഫ്രസാത്തിയെ (1901-1925) ജൂലൈ 28നും ഓഗസ്റ്റിനു മൂന്നിനും ഇടയിൽ വിശുദ്ധനായി നാമകരണം ചെയ്യും.
മില്ലേനിയൽ തലമുറയിൽനിന്നു വിശുദ്ധപദവിയിലേക്ക് ഉയരുന്ന ആദ്യയാളാണ് കാർലോ അക്കുത്തിസ്. 1991 മേയ് മൂന്നിന് സന്പന്ന ഇറ്റാലിയൻ ദന്പതികളുടെ മകനായി ലണ്ടനിൽ ജനിച്ച കാർലോ 2006 ഒക്ടോബർ 12ന് ഇറ്റലിയിലെ മോൻസയിൽ രക്താർബുദം ബാധിച്ചു മരിക്കുകയായിരുന്നു.
കംപ്യൂട്ടർ പ്രോഗ്രാമിംഗും വീഡിയോ ഗെയിമിംഗും ഏറെ ഇഷ്ടപ്പെട്ടിരുന്ന ബാലൻ ദിവ്യകാരുണ്യത്തെ സ്വർഗത്തിലേക്കുള്ള പാതയായി കരുതി.
പതിനാലാം വയസിൽ ദിവ്യകാരുണ്യ അദ്ഭുതങ്ങളും പരിശുദ്ധ കന്യാമാതാവിന്റെ പ്രത്യക്ഷപ്പെടലുകളും ഉൾക്കൊള്ളുന്ന വെബ്സൈറ്റ് തയാറാക്കി. 2020ൽ ഫ്രാൻസിസ് മാർപാപ്പ കാർലോയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയിരുന്നു.