ട്രംപുമായി സഹകരിക്കും: ബൈഡനോട് ഷി
Monday, November 18, 2024 2:25 AM IST
ലിമ: അമേരിക്കയിൽ അധികാരത്തിലേറാൻ പോകുന്ന ട്രംപ് ഭരണകൂടവുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് സ്ഥാനമൊഴിയാൻ പോകുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോടു പറഞ്ഞു.
പെറുവിന്റെ തലസ്ഥാനമായ ലിമയിൽ ഏഷ്യാ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിക്കിടെയാണു ഷിയും ബൈഡനും കൂടിക്കാഴ്ച നടത്തിയത്. വാണിജ്യത്തിനു പുറമേ സൈബർ സുരക്ഷ, ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ നിയന്ത്രണം, തായ്വാൻ, ഉത്തരകൊറിയ, റഷ്യ തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
അമേരിക്കയുമായി ആരോഗ്യപരമായ ബന്ധമാണു ചൈന ആഗ്രഹിക്കുന്നതെന്ന് ഷി വ്യക്തമാക്കി. ട്രംപ് അധികാരത്തിലേറുന്നതുകൊണ്ട് ഇതിൽ മാറ്റമുണ്ടാവില്ല. അമേരിക്കയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും സഹകരണം മെച്ചപ്പെടുത്തുന്നതിനും ട്രംപ് ഭരണകൂടവുമായി സഹകരിക്കാൻ ചൈന തയാറാണ്.
അണ്വായുധ ഉപയോഗംപോലുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ട ചുമതല ആർട്ടിഫിഷൽ ഇന്റലിജൻസിനു നല്കരുതെന്ന കാര്യത്തിൽ ബൈഡനും ഷിയും ഒരേ അഭിപ്രായം പ്രകടിപ്പിച്ചു. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയ സൈന്യത്തെ അയച്ചതിൽ ബൈഡൻ ഉത്കണ്ഠ പ്രകടിപ്പിച്ചു. കൂടുതൽ സൈനികരെ അയയ്ക്കുന്നതു തടയാൻ ഉത്തരകൊറിയയ്ക്കുമേൽ ചൈനയ്ക്കുള്ള സ്വാധീനം ഉപയോഗിക്കണം.
ചൈനീസ് ഹാക്കർമാർ അടുത്തിടെ അമേരിക്കൻ ടെലിഫോൺ ശൃംഖലകൾ ആക്രമിച്ച കാര്യവും ബൈഡൻ ഉന്നയിച്ചു. തായ്വാനെ അസ്ഥിരമാക്കുന്ന സൈനിക നടപടികൾ ചൈന അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തായ്വാനിലെ വിഘടനവാദ പ്രവർത്തനങ്ങളാണു മേഖലയിൽ അസ്ഥിരത വിതയ്ക്കുന്നതെന്നു ഷി മറുപടി നല്കി.
അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ബൈഡനുമായുള്ള ഷിയുടെ അവസാന കൂടിക്കാഴ്ചയായിരുന്നു ഇത്. ഷി താമസിക്കുന്ന ഹോട്ടലിൽ നടന്ന ചർച്ച രണ്ടു മണിക്കൂർ നീണ്ടു.
ചുവപ്പുവരകൾ ലംഘിക്കരുത്
നാലു വിഷയങ്ങളിൽ അമേരിക്കയുടെ ഭാഗത്തുനിന്നു ചൈനയ്ക്കെതിരായ നീക്കങ്ങൾ ഉണ്ടാകരുതെന്ന് ഷി ബൈഡനോട് ആവശ്യപ്പെട്ടതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തായ്വാൻ, ജനാധിപത്യം, മനുഷ്യാവകാശം, വികസനവളർച്ചയ്ക്കുള്ള അവകാശം എന്നിവയാണ് ഈ വിഷയങ്ങൾ. തെക്കൻ ചൈനാക്കടലിന്റെ അവകാശത്തിൽ ചൈനയും മറ്റു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിൽ അമേരിക്ക ഇടപെടരുത്. ഈ രാജ്യങ്ങൾക്കു സഹായം നല്കി പ്രകോപനമുണ്ടാക്കരുത്. ചൈനയുടെ സാന്പത്തികവളർച്ച തടയാനും അമേരിക്ക ശ്രമിക്കരുത്.