നിക്കരാഗ്വൻ ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റിനെ ഒർട്ടേഗ ഭരണകൂടം രാജ്യത്തുനിന്ന് പുറത്താക്കി
Saturday, November 16, 2024 11:44 PM IST
മനാഗ്വ: നിക്കരാഗ്വയിലെ ബിഷപ്സ് കോൺഫറൻസിന്റെ പ്രസിഡന്റ് ബിഷപ് കാർലോസ് ഹെരേരയെ നാടുകടത്തി. പ്രസിഡന്റ് ഡാനിയർ ഒർട്ടേഗ ഭരണകൂടത്തിന്റെ കത്തോലിക്കാവിരുദ്ധ നടപടികളിൽ ഏറ്റവും പുതിയതാണിത്.
ജിനോടേഗയിലെ ബിഷപ്പായ കാർലേസ് ഹെരേരയെ ബുധനാഴ്ച ഗ്വാട്ടിമാലയിലേക്ക് നാടുകടത്തിയെന്നാണ് റിപ്പോർട്ടുകൾ. സഭയ്ക്കെതിരേ അന്യായമായി ചുമത്തുന്ന രാജ്യദ്രോഹ നടപടികളുടെ ഭാഗമാണിതെന്നു പറയുന്നു. ഇപ്പോൾ അദ്ദേഹം ഗ്വാട്ടിമാലയിലെ ഫ്രാൻസിസ്കൻ സന്യാസ കേന്ദ്രത്തിലാണുള്ളത്.
ഞായറാഴ്ച ബിഷപ് കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിക്കവേ, ഒർട്ടേഗ അനുകൂലിയായ നഗരമേയർ പുറത്ത് ഉച്ചത്തിൽ സംഗീതപരിപാടി നടത്തിയിരുന്നു. കുർബാനയർപ്പണം തടസപ്പെടുത്തുന്ന ഈ നടപടിയെ ബിഷപ് അൾത്താരയിൽനിന്നു വിമർശിച്ചു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരേ നടപടി ഉണ്ടായത്. ബുധനാഴ്ച ബിഷപ്പുമാരുടെ യോഗത്തിൽ പങ്കെടുത്ത അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി നാടുകടത്തുകയായിരുന്നു.
ബിഷപ് ഹെരേര 2021 മുതൽ നിക്കരാഗ്വൻ ബിഷപ്സ് കോൺഫറൻസിന്റെ പ്രസിഡന്റാണ്. ഒർട്ടേഗ ഭരണകൂടം നാടുകടത്തുന്ന മൂന്നാമത്തെ ബിഷപ്പാണ് അദ്ദേഹം.
2018ൽ പ്രസിഡന്റ് ഒർട്ടേഗയുടെയും വൈസ് പ്രസിഡന്റ്കൂടിയായ അദ്ദേഹത്തിന്റെ ഭാര്യ റൊസാരിയോ മുറില്ലോയുടെയും രാജിയാവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തെ പിന്തുണച്ചു എന്നാരോപിച്ചാണ് ഭണകൂടം സഭയ്ക്കെതിരേ നടപടികളെടുക്കാൻ തുടങ്ങിയത്.