വെടിനിർത്തൽ ചർച്ചയ്ക്കായി യുഎസ് പ്രതിനിധി ലബനനിൽ
Wednesday, November 20, 2024 12:53 AM IST
ബെയ്റൂട്ട്: ഇസ്രയേൽ-ഹിസ്ബുള്ള വെടിനിർത്തൽ ചർച്ചകൾക്കു നേതൃത്വം നല്കാനായി അമേരിക്കയുടെ പ്രത്യേക പ്രതിനിധി ആമോസ് ഹോഷ്സ്റ്റെയിൻ ലബനനിലെത്തി.
അമേരിക്ക മുന്നോട്ടുവച്ച വെടിനിർത്തൽ പദ്ധതിയുടെ കരട് ഹിസ്ബുള്ളയും ലബനീസ് സർക്കാരും അംഗീകരിച്ചു മണിക്കൂറുകൾക്കകമാണ് ആമോസിന്റെ സന്ദർശനം.
ലബനീസ് പാർലമെന്റ് സ്പീക്കർ നബീഹ് ബേരിയുടെ ഓഫീസാണ് ഹിസ്ബുള്ള വെടിനിർത്തലിനു സന്നദ്ധമാണെന്ന് അറിയിച്ചത്. വെടിനിർത്തൽ ചർച്ചകൾക്കായി ഹിസ്ബുള്ള നിയോഗിച്ചിരിക്കുന്നത് ഇദ്ദേഹത്തെയാണ്. അതേസമയം, വെടിനിർത്തൽ വിഷയത്തിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.
200 കുട്ടികൾ കൊല്ലപ്പെട്ടു
ജനീവ: രണ്ടു മാസത്തിനിടെ ലബനനിൽ 200നു മുകളിൽ കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫ് അറിയിച്ചു. പരിക്കേറ്റ കുട്ടികളുടെ എണ്ണം 1,100നു മുകളിലാണ്. ആരാണ് കുട്ടികളുടെ മരണത്തിനുത്തരവാദിയെന്നു പറയാൻ യുണിസെഫ് വക്താവ് ജയിംസ് എൽഡൽ കൂട്ടാക്കിയില്ല.