സിംഹവും കരടിയും; ഉത്തരകൊറിയയ്ക്ക് റഷ്യൻ പ്രസിഡന്റിന്റെ സമ്മാനം
Thursday, November 21, 2024 1:14 AM IST
പ്യോഗ്യാംഗ്: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരകൊറിയയ്ക്ക് എഴുപതിലധികം മൃഗങ്ങളെ സമ്മാനമായി നല്കി. ആഫ്രിക്കൻ സിംഹവും രണ്ടു കരടികളും അടക്കമുള്ള മൃഗങ്ങളെ മോസ്കോ മൃഗശാലയിൽനിന്നു പ്യോഗ്യാംഗിലെ സെൻട്രൽ മൃഗശാലയിലെത്തിച്ചു.
ഉത്തരകൊറിയൻ ജനതയ്ക്കുള്ള പുടിന്റെ സമ്മാനമാണിതെന്നു റഷ്യ അറിയിച്ചു. മൃഗങ്ങളെ കൊണ്ടുപോകുന്നതിന് റഷ്യയിലെ പ്രകൃതിവിഭവ വകുപ്പ് മന്ത്രി അലക്സാണ്ടർ കോസ്ലോവ് മേൽനോട്ടം വഹിച്ചു.
ഏപ്രിലിൽ കഴുകൻ അടക്കമുള്ള പക്ഷികളെ റഷ്യ ഉത്തരകൊറിയയ്ക്കു സമ്മാനിച്ചിരുന്നു. ജൂണിൽ ഉത്തരകൊറിയ സന്ദർശിച്ച പുടിന്, പുംഗ്സാൻ ഇനത്തിൽപ്പെട്ട രണ്ടു നായകളെ ഉത്തരകൊറിയൻ നേതാവ് കിംഗ് ജോംഗ് ഉൻ സമ്മാനിച്ചിരുന്നു.