45 ജനാധിപത്യ പ്രവർത്തകർക്ക് ഹോങ്കോംഗിൽ തടവുശിക്ഷ
Wednesday, November 20, 2024 12:53 AM IST
ഹോങ്കോംഗ്: ഹോങ്കോംഗിൽ 45 ജനാധിപത്യ പ്രവർത്തകർക്കു തടവുശിക്ഷ. നാലു മുതൽ 10 വരെ വർഷം തടവാണു ഹോങ്കോംഗ് ഹൈക്കോടതി വിധിച്ചത്. ഹോങ്കോംഗിൽ ചൈന നടപ്പാക്കിയ കുപ്രസിദ്ധമായ ദേശീയ സുരക്ഷാ നിയമം അനുസരിച്ചായിരുന്നു വിചാരണ.
202ലെ പ്രാദേശിക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മികച്ച പ്രതിപക്ഷ സ്ഥാനാർഥികളെ കണ്ടെത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ഇവർ അറസ്റ്റിലായത്. ഇവരുടെ നടപടികൾ സർക്കാരിനെ അട്ടിമറിക്കുന്നതിനു തുല്യമായിരുന്നുവെന്നു പ്രോസിക്യൂഷൻ വാദിച്ചു.
47 പേരാണ് അറസ്റ്റിലായതെങ്കിലും രണ്ടു പേരെ ഈ വർഷം മേയിൽ കുറ്റവിമുക്തരാക്കി. ഇന്നലത്തെ വിധിയിൽ ജനാധിപത്യ പ്രവർത്തകരുടെ നേതാവ് ബെന്നി ലായിക്ക് പത്തു വർഷം തടവു ലഭിച്ചു.
വിചാരണ രാഷ്ട്രീയപ്രേരിതമാണെന്നും ഇവരെ വിട്ടയച്ച് സ്വതന്ത്ര ജനാധിപത്യപ്രവർത്തനം നടത്താൻ അനുവദിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെ പേരിൽ ആർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനാകില്ലെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.