തന്ത്രപരമായ പങ്കാളിത്തം തുടരും: ഇന്ത്യ
Monday, November 18, 2024 2:25 AM IST
അബുജ: നൈജീരിയയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് ഇന്ത്യ മുന്തിയപരിഗണന നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധം, ഊർജം, വ്യാപാരം തുടങ്ങിയ വിവിധ മേഖലകളിൽ ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങളും കൂട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി നടത്തിയ ചർച്ചയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. തീവ്രവാദം, വിഘടനവാദം, കടൽക്കൊള്ള, മയക്കുമരുന്ന് കടത്ത് എന്നിവയെ നേരിടാൻ ഇരുരാജ്യങ്ങളും ഒരുമിച്ചു പ്രവർത്തിക്കുന്നത് തുടരുമെന്നും മോദി കൂട്ടിച്ചേർത്തു.
ത്രിരാഷ്ട്ര സന്ദർശനത്തിനായി ഞായറാഴ്ച പുലർച്ചെയാണ് മോദി നൈജീരിയയിൽ എത്തിയത്. 17 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത്. നൈജീരിയിൽനിന്നും ബ്രസീലിലേക്കു പോകുന്ന മോദി ഗയാനയും സന്ദർശിക്കും.
മോദിക്ക് ആദരം
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതി നൽകി ആദരിച്ച് നൈജീരിയ. ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ പുരസ്കാരമാണ് മോദിക്ക് നൽകിയത്. ഇതോടെ എലിസബത്ത് രാജ്ഞിക്കു ശേഷം ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശപൗരനായി മോദി. 1969ൽ ആണ് എലിസബത്ത് രാജ്ഞിക്ക് പുരസ്കാരം സമ്മാനിച്ചത്. മോദിയുടെ 17-ാമത് അന്താരാഷ്ട്ര അവാർഡാണിത്.