വ്യോമാക്രമണ ഭീഷണി; കീവിലെ അമേരിക്കൻ എംബസി പൂട്ടി
Thursday, November 21, 2024 1:14 AM IST
കീവ്: വ്യോമാക്രമണ സൂചന ലഭിച്ചതിനെത്തുടർന്ന് യുക്രെയ്ൻ തലസ്ഥാനമായ കീവിലെ അമേരിക്കൻ എംബസി അടിയന്തരമായി പൂട്ടി. യുക്രെയ്നിലുള്ള അമേരിക്കൻ പൗരന്മാർ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാനും നിർദേശിച്ചു. യുക്രെയ്ൻ സേന യുഎസ് നിർമിത മിസൈലുകൾ റഷ്യക്കു നേരേ പ്രയോഗിച്ചതിനു പിറ്റേന്നാണു സംഭവം.
മുൻകരുതലിന്റെ ഭാഗമായി എംബസി പൂട്ടുകയാണെന്നും ജീവനക്കാരോടു ഷെൽട്ടറുകളിലേക്കു മാറാൻ നിർദേശിച്ചെന്നും എംബസി വെബ്സൈറ്റിലെ അറിയിപ്പിൽ പറയുന്നു. റഷ്യൻ ആക്രമണങ്ങളിൽ യുക്രെയ്നിലെ വൈദ്യുതിവിതരണം തടസപ്പെടാമെന്നും അമേരിക്കൻ പൗരന്മാർ വെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയവ ആവശ്യത്തിനു ശേഖരിച്ചിരിക്കണമെന്നും നിർദേശിച്ചു.
റഷ്യ കഴിഞ്ഞദിവസങ്ങളിൽ യുക്രെയ്നിൽ വൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇത്തരം ആക്രമണങ്ങൾ ഇനിയും തുടരാമെന്നു യുക്രെയ്ൻ വൃത്തങ്ങൾ പറഞ്ഞു.
യുക്രെയ്ന് അമേരിക്കൻ കുഴിബോംബ്
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ സേനയ്ക്കു കുഴിബോംബുകൾ നല്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തീരുമാനിച്ചതായി റിപ്പോർട്ട്. യുദ്ധമുന്നണിയിൽ റഷ്യൻ സേന മുന്നേറ്റം തുടരുന്ന പശ്ചാത്തലത്തിലാണിത്. സൈനികർക്കെതിരേ പ്രയോഗിക്കുന്ന കുഴിബോംബുകളാണു നല്കുക.
യുക്രെയ്ൻ ഭൂമിയിൽ ഇവ ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ജനവാസകേന്ദ്രങ്ങളിൽ ഉപയോഗിക്കാൻ പാടില്ലെന്ന് അമേരിക്കൻ നേതൃത്വം നിർദേശിച്ചിട്ടുണ്ട്.
അമേരിക്കയിൽ അധികാരമൊഴിയാൻ പോകുന്ന ബൈഡൻ, യുക്രെയ്നു പരമാവധി സഹായം ലഭ്യമാക്കാനുള്ള നീക്കത്തിലാണ്. യുഎസ് നിർമിത ദീർഘദൂര മിസൈലുകൾ റഷ്യയിൽ പ്രയോഗിക്കാനുള്ള അനുമതി കുറച്ചു ദിവസം മുന്പു നല്കിയിരുന്നു.
ബൈഡനുശേഷം അധികാരത്തിലേറാൻ പോകുന്ന ഡോണൾഡ് ട്രംപ് യുക്രെയ്നു സൈനികസഹായം നല്കുന്നതിൽ വിമുഖതയുള്ള ആളാണ്.
ഇതിനിടെ ഇന്നലെ യുക്രെയ്ൻ സേന ബ്രിട്ടീഷ് നിർമിത സ്റ്റോംഷാഡോ മിസൈൽ റഷ്യയ്ക്കു നേരെ പ്രയോഗിച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു.
സഹായം നിലച്ചാൽ യുക്രെയ്ൻ തോൽക്കും
കീവ്: അമേരിക്ക സാന്പത്തികസഹായം നിർത്തിയാൽ യുക്രെയ്ൻ യുദ്ധത്തിൽ തോൽക്കുമെന്നു പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ചാനൽ അഭിമുഖത്തിൽ പറഞ്ഞു. യുക്രെയ്ൻ പോരാട്ടം തുടരുമെങ്കിലും ജയിക്കാൻ അതു മതിയാകില്ല.
പുടിനേക്കാൾ ശക്തനാണു ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിനു പുടിനുമേൽ സമ്മർദം ചെലുത്താൻ ട്രംപിനു കഴിയും.യുദ്ധമുന്നണിയിൽ യുക്രെയ്ൻ പതറുകയാണെന്നും സെലൻസ്കി സമ്മതിച്ചു.