ഡെങ്കി ഭീതിയിൽ ബംഗ്ലാദേശ്; മരണം 407
Monday, November 18, 2024 2:25 AM IST
ധാക്ക: ബംഗ്ലാദേശിൽ ഡെങ്കിപ്പനി പടരുന്നു. ഈ വർഷം ഇതുവരെ 407 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 78,595 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.
കാലാവസ്ഥാ വ്യതിയാനം മൂലം മഴലഭ്യത വർധിച്ചതും താപനില ഉയർന്നതും ഡെങ്കിപ്പനി പടർത്തുന്ന കൊതുകുകൾ പെരുകാൻ കാരണമാകുന്നതായി ബംഗ്ലാദേശിലെ ആരോഗ്യവൃത്തങ്ങൾ പറഞ്ഞു. ജനസാന്ദ്രത ഏറിയ ധാക്ക പോലുള്ള നഗരങ്ങളിൽ രോഗം അതിവേഗം പടരുന്നു.
കഴിഞ്ഞവർഷം 1,705 പേർ ഡെങ്കി ബാധിച്ചു മരിച്ചിരുന്നു. 3.2 ലക്ഷം പേരാണു ചികിത്സ തേടിയത്.
കൊതുകുനിവാരണത്തിനുള്ള അവബോധന പരിപാടികൾ ബംഗ്ലാ സർക്കാർ നടത്തുന്നുണ്ട്.