ഖമനേയിയുടെ ആരോഗ്യനില വഷളായി, രണ്ടാമത്തെ മകൻ പിൻഗാമിയാകും
Tuesday, November 19, 2024 1:06 AM IST
ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ ഖമനയ്യുടെ പിൻഗാമിയായി രണ്ടാമത്തെ മകൻ മൊജ്താബ ഖമനേയിയെ രഹസ്യമായി തെരഞ്ഞെടുത്തതായി റിപ്പോർട്ട്.
പിൻഗാമിസ്ഥാനത്തേക്ക് മൊജ്താബ ഉൾപ്പെടെ മൂന്നുപേരുടെ പട്ടികയാണു തയാറാക്കിയതെന്നും എന്നാൽ മൊജ്താബയ്ക്ക് മുൻതൂക്കം ലഭിക്കുകയായിരുന്നുവെന്നും ഇറാൻ മാധ്യമമായ ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു. അതേസമയം ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാൻ ചുമതലപ്പെട്ട വിദഗ്ധ സമിതിയുമായി മുന്‍പൊരിക്കൽ നടത്തിയ കൂടിക്കാഴ്ചയിൽ, ആവശ്യം വന്നാൽ വളരെവേഗം തന്റെ പിൻഗാമിയെ നിശ്ചയിക്കാൻ തയാറായിരിക്കണമെന്ന് ഖമനേയി ആവശ്യപ്പെട്ടിരുന്നതായും ഇസ്രയേൽ തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന തോന്നലാണ് ഖമനേയിയെ ഈ തീരുമാനത്തിനു പ്രേരിപ്പിച്ചതെന്നും മാധ്യമറിപ്പോർട്ടിൽ പറയുന്നു.
27 വർഷമായി ഇറാന്റെ സുപ്രധാന നയരൂപീകരണങ്ങളിൽ മൊജ്താബയ്ക്ക് പങ്കുണ്ട്. ആയത്തുള്ള അലി ഖമനേയിയുടെ ആറു മക്കളില്‍ രണ്ടാമനാണ് 55കാരനായ മൊജ്താബ ഖമനയ്.