ദുർഗാപുർ മെഡിക്കൽ കോളജ് ബലാത്സംഗം: മൂന്നുപേർ പിടിയിൽ
Monday, October 13, 2025 1:50 AM IST
കോൽത്തക്ക: പശ്ചിമബംഗാളിലെ ദുർഗാപുരിൽ ഒഡിഷ സ്വദേശിനിയായ രണ്ടാംവർഷ മെഡിക്കൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ മൂന്നുപേർ അറസ്റ്റിൽ.
ഒരാളെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യത്തിൽ പങ്കെടുത്തയാൾ വിദ്യാർഥിനിയുടെ മൊബൈൽഫോൺ ഉപയോഗിച്ച് കൂട്ടുപ്രതിയെ വിളിച്ചതാണ് കേസിൽ വഴിത്തിരിവായത്.
അറസ്റ്റിലായ പ്രതികളുടെ മൊബൈൽഫോൺ ഉൾപ്പെടെ പോലീസ് പരിശോധിക്കുകയാണ്.കോടതിയിൽ ഹാജരാക്കിയ മൂന്നുപേരെയും പത്തുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ദുര്‍ഗാപുരിലെ സ്വകാര്യ മെഡിക്കല്‍ കോളജിനു സമീപം വെള്ളിയാഴ്ച രാത്രിയാണു വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായത്. ആൺസുഹൃത്തിനൊപ്പം ഭക്ഷണംകഴിക്കാനായി പുറത്തിറങ്ങിയപ്പോൾ അക്രമിസംഘം തടഞ്ഞുനിർത്തി സമീപത്തെ കാട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
ആൺസുഹൃത്ത് ഇതിനിടെ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
വിവാദപരാമർശവുമായി മമത
കോൽക്കത്ത: ദുർഗാപുർ സംഭവത്തിൽ വിവാദ പ്രസ്താവനയുമായി മുഖ്യമന്ത്രി മമത ബാനർജി. 23 വയസുകാരിയായ എംബിബിഎസ് വിദ്യാർഥിനി രാത്രി എങ്ങനെ പുറത്തിറങ്ങിയെന്നാണ് മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചത്. പോലീസ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ അവരുടെ വിദ്യാര്‍ഥികളെ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രാത്രി സംസ്കാരവും ശ്രദ്ധിക്കണം.
വിദ്യാര്‍ഥികളെ പുറത്തിറങ്ങാന്‍ അനുവദിക്കരുത്, അതൊരു വനമേഖലയാണ്. മണിപ്പുര്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ ഇത്തരം നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ട്. അവരെല്ലാം നടപടി സ്വീകരിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു.